- ലഹരിക്കടിമയെന്ന് വിവരം
- കൊലപാതക വിവരം പുറത്തറിയിച്ചത് മകൻ
കോട്ടയം: പള്ളിക്കത്തോട്ടിൽ ലോട്ടറി വിൽപ്പനക്കാരിയായ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് ഇളംപ്പള്ളി പുല്ലാനിതകിടി സ്വദേശിനിയായ ആടുകാണിയിൽ സിന്ധു (45) വിനെയാണ് മകൻ അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്.
അരവിന്ദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരവിന്ദ് ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.
വീടിനോട് ചേർന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്തവീട്ടിൽ ചെന്ന് പറഞ്ഞത്.
വാക്കത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തിലാണ് അരവിന്ദ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു.
ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന അരവിന്ദ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ നേരത്തേ ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
അയൽവീട്ടുകാർ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. 20 വർഷം മുൻപ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു.