ആത്മവിശ്വാസം കൂടിയെന്ന് സ്വരാജ്, ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത്; നിലമ്പൂരിൽ കനത്ത മഴ, ഒരു ബൂത്തിൽ മെഷീൻ തകരാർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.  വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ചില വോട്ടർമാർ മടങ്ങിപ്പോയി. ആദ്യ അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ പോളിങ് നാലു ശതമാനം പിന്നിട്ടു.

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം.സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.