മലയാളിയായ തന്റെ ഡ്രൈവറുടെ മരണത്തിൽ ദുഃഖം കടിച്ചമർത്തി കൂടപ്പിറപ്പിനെപ്പോലെ എല്ലാത്തിനും മുന്നിൽ നിന്ന് കണ്ണീരോടെ സ്പോൺസർ, കുടുംബത്തിന് മരണം വരെ ശമ്പളം വാഗ്ദാനം; സഊദിയിൽ നിന്നിതാ ഒരു വേറിട്ട നന്മയുടെ കണ്ണീർകഥ

0
202

റിയാദ്: തന്റെ ഹൗസ് ഡ്രൈവറുടെ മരണത്തിന്റെ ഞെട്ടലിലാണ് സഊദി പൗരൻ. ഡ്രൈവർ കൂടിയായ മലയാളിയുടെ മയ്യത്ത് നടപടികൾ മനസ്സിനെ പിടിച്ചുലച്ച വേദനയിലായിരുന്നു സ്പോൺസർ കൂടിയായ ഈ സഊദി പൗരൻ. ഒരു മകൻ മരണപ്പെട്ട പിതാവിന്റെ അവസ്ഥയായിരുന്നു അദ്ദേഹത്തിനെന്ന് അറിയുന്നവർ സാക്ഷ്യപെടുത്തുന്നു.

സഊദിയിൽ AC പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് മരണപെട്ട തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ന്റെ സ്പോൺസർ ആയ സഊദി പൗരനാണ് നന്മ ഹൃദയവുമായി ഏവരെയും കണ്ണീരണിയിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് സിയാദ് റൂമിലെ AC പൊട്ടിത്തെറിച്ച് മരണത്തിനു കീഴടങ്ങിയത്. നടപടികൾക്ക് ശേഷം മയ്യത്ത് ഇന്ന് റിയാദ് നസീം ഖബ്ർസ്ഥാനിൽ ഖബ്റടക്കിയത്. തന്റെ ഡ്രൈവർ ആയിരുന്ന സിയാദിന്റെ മരണം സ്പോൺസർ ആയ സ്വദേശി പൗരനെ തളർത്തുന്നതായിരുന്നു. ആ വേദനയാണ് മരണ ശേഷം അദ്ദേഹം പ്രകടിപ്പിച്ചത്.

പ്രായം വക വെക്കാതെ ഖബറിൽ ഇറങ്ങി സഹായിക്കുകയും കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി കഴിഞ്ഞ് കൂടുകയും ചെയ്തു. മാത്രമല്ല, മയ്യത്ത് ഖബറടക്കം കഴിഞ്ഞു എല്ലാവരും തന്റെ വീട്ടിൽ വരണമെന്ന് പറഞ്ഞു ക്ഷണിച്ചു. തന്റെ വീട്ടിന്റെ പുറത്തു ‘എന്റെ ഡ്രൈവർ സിയാദ് മരണപ്പെട്ടു അതിന്റ അനുസ്മരണ’മാണ് എന്ന് ബോർഡും വെച്ചു. ഇതെല്ലാം നടത്തിയാണ് ആ സ്പോൺസർ തന്റെ തൊഴിലാളിയുടെ മരണത്തിൽ ദുഃഖം കടിച്ചമർത്തി കഴിഞ്ഞത്.

മാത്രമല്ല, തന്റെ മരണം വരെ സിയാദിന് കൊടുത്തു കൊണ്ടിരുന്ന മാസ ശമ്പളം അവന്റെ ഉമ്മക്കും ഉപ്പക്കും അയച്ചു കൊടുക്കും എന്നും സ്പോൺസർ അവരെ അറിയിച്ചിട്ടുണ്ട്. അറബികളും അല്ലാത്തവരും വീട്ടിൽ വന്നു അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന കാഴ്ച്ച ഹൃദയം വിങ്ങുന്നതായിരുന്നു. ഇങ്ങനെയും മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്ന സത്യം വിളിച്ചോതുന്നതായിരുന്നു സംഭവം.