എടക്കര: എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ച വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് എടക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
എടക്കരയില്‍ എല്‍ഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരേ ഫൈസല്‍ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നുമാണ് ഫൈസലിന്റെ പ്രതികരണം. ഇയാള്‍ക്കെതിരേ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.





