ദുബായ്: പൊതുസ്ഥലത്ത് മദ്യപിച്ച് കലാപം സൃഷ്ടിക്കുകയും ദുബായ് പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആർ.എച്ച് എന്ന ഗൾഫ് സ്വദേശിനിക്ക് ക്രിമിനൽ കോടതി ആറ് മാസം തടവും 20,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം ഇവരെ നാടുകടത്തും.
ദുബായിൽ, സാധുവായ മദ്യ ലൈസൻസുള്ള റസ്റ്ററന്റുകളിലോ ലോഞ്ചുകളിലോ മാത്രമേ മദ്യം കഴിക്കാൻ അനുവാദമുള്ളൂ. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. നേരത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് പരിഗണിക്കുന്നതിനായി ഈ കേസ് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടിരുന്നു. യുവതി കലാപമുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് ശേഷം സ്ത്രീയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കൂടാതെ, നഗരത്തിനുള്ളിൽ എല്ലാവരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് നിയമം എല്ലാ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ബാധകമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.