അബുദാബി: റോഡിൽ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് വാഹനം നിര്‍ത്തിയാലുണ്ടാകുന്ന അപകടം വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് അബുദാബി പൊലീസ്. ഇത്തരത്തില്‍ മതിയായ കാരണം ഇല്ലാതെ റോഡില്‍ പെട്ടെന്ന് വാഹനം നിര്‍ത്തുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ. പെട്ടെന്ന് വാഹനം നിര്‍ത്തിയത് മൂലമുണ്ടായ ഒരു അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകുന്നത്.
‘യുവര്‍ കമ്മിറ്റ്മെന്‍റ്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് വീഡിയോ പങ്കുവെച്ചത്. പെട്ടെന്ന് വാഹനം നിര്‍ത്തുന്നതിന്‍റെ അപകട സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നതിനായി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററുമായി സഹകരിച്ചാണ് ഈ പദ്ധതി തുടങ്ങിയത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പങ്കുവെച്ചത്.
നാലുവരിപാതയിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ ഇടത്തെ ലേനില്‍ ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് കാണാം. സാങ്കേതിക പ്രശ്നം മൂലമാണ് വാഹനം നിര്‍ത്തിയത്. എന്നാല്‍ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡില്‍ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നില്‍ നിന്ന് വന്ന മറ്റൊരു കാര്‍ ഈ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടസാധ്യത ഒഴിവാക്കാനായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ തോന്നിയാൽ ഏറ്റവും അടുത്തുള്ള എക്സിറ്റ് പോയിന്‍റിലോ ഇതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തോ വാഹനം നിര്‍ത്തണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരോട് അഭ്യർത്ഥിച്ചു.