കോഴിക്കോട്: പോലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ലഹരിപ്പൊതി വിഴുങ്ങിയെന്ന് ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്.
അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.