Monday, 10 February - 2025

അധികാരത്തിന്റെ പടി കയറുമ്പോൾ അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

അമ്മ മേരി ആൻ ട്രംപ് കൊടുത്ത ബൈബിളിൽ തൊട്ടാണ് ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കുന്നത്. അമ്മയെ കുറിച്ച് എല്ലായ്പ്പോഴും വാതോരാതെ സംസാരിക്കും ട്രംപ്. ലോകത്തോട് വിട പറഞ്ഞെങ്കിലും, അധികാരത്തിന്റെ പടി കയറുമ്പോൾ അമ്മയുടെ ഓർമകളെ ചേർത്തുപിടിക്കുകയാണ് ട്രംപ്.

വാത്സല്യ നിധിയായിരുന്നു എന്റെ അമ്മ. ഞാൻ അമ്മയെ അത്രത്തോളം സ്നേഹിച്ചു . മാതൃദിനത്തിൽ അനുവദിച്ച അഭിമുഖത്തിൽ ട്രംപ് തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അമ്മ എനിക്ക് നിറയെ സ്നേഹം നൽകി വളർത്തിയത് കൊണ്ട് എനിക്ക് തെറ്റ് ചെയ്യാനാകുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇന്നത്തെ ഞാനായത്. അമ്മയുടെ മുന്നിൽ ശരിയല്ലാത്ത ഒന്നും ഞാൻ ചെയ്യില്ല. അമ്മ എന്നിൽ വിശ്വസിച്ചു. നല്ല മാതാപിതാക്കൾ ഉണ്ടായതാണ് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യം. എന്റെ ഭാര്യ മെലാനിയ ട്രംപ് ബരോൺ ട്രംപിന് സ്നേഹനിധിയായ അമ്മയാണ്.

സ്കോട്ട്ലൻഡിൽ നിന്നും സഹോദരിമാർക്കൊപ്പമാണ് മേരി ആൻ ട്രംപ് അമേരിക്കയിലെത്തിയത്. 1930കൾ ഒരു പാർട്ടിയിൽ ഫ്രെഡ് ട്രംപിനെ കണ്ടുമുട്ടി. 1936ൽ വിവാഹം കഴിച്ചതോടെ ട്രംപ് മേൽവിലാസമായി. 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അൽപസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ.ലോകം ആകാംക്ഷയോടെയാണ് ട്രംപിന്റെ രണ്ടാംവരവിനെ നോക്കിക്കാണുന്നത്. സാമ്പത്തിക, സൈനിക,നയതന്ത്ര മേഖലകളിൽ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിവിശേഷം.

Most Popular

error: