തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പ്രഖ്യാപനങ്ങൾ.
∙ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ.
∙ ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും
∙ ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്.
∙ ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ.
∙ മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും. എന്നിവയാണ് പ്രഖ്യാപനങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
സിഎംപി നേതാവ് സി.പി.ജോണ്‍ സ്വാഗതം പറഞ്ഞു. രാജ്യാന്തര ജനാധിപത്യസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് സി.പി.ജോണ്‍ പറഞ്ഞു. അധികാരത്തിൽ വരാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിൽ മാറ്റം വേണം. വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി കേരളത്തെ രാജ്യത്തെ മുൻനിരയിലെത്തിക്കണം. രാജ്യം അദ്ഭുതത്തോടെ നോക്കുന്ന ഒരു പുതിയ കേരള മാതൃക യുഡിഎഫ് കൊണ്ടുവരും. സെക്രട്ടേറിയറ്റിനെ കാര്യക്ഷമമാക്കും. നാടിന് വലിയ മാറ്റമുണ്ടാകുന്ന പദ്ധതികൾ യുഡിഎഫ് നടപ്പിലാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഭരണമാറ്റത്തിനായി ജനങ്ങൾ കാതോർത്തു നിൽക്കുകയാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയൻ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. എത്ര പരസ്യം നൽകിയാലും സർക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വൻകിട വികസനപ്രവർത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം ഉണ്ടായില്ല. ജനം തുടർ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.





