Saturday, 14 December - 2024

106 വയസ്സ്, അവിവാഹിതൻ; 80 വർഷമായി അമേരിക്കയിൽ ഒറ്റയ്ക്കു താമസിക്കുന്ന മലയാളി ‘അപ്പൂപ്പനെ’ പരിചയപ്പെടാം

80 വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന 106 വയസ്സുള്ള തിരുവല്ലാക്കാരൻ മലയാളിയെ പരിചയപ്പെടുത്തി എഴുത്തുകാരനും നടനുമായ തമ്പി ആന്റണി. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് തമ്പി ഈ അപൂർവ മലയാളിയെ കുറിച്ച് എഴുതിയത്. അഭിഷാഷക സുഹൃത്താണ് 106 വയസ്സുള്ള അമേരിക്കൻ മലയാളിയെ കുറിച്ച് തന്നോട് പറഞ്ഞതെന്നും കേട്ടപ്പോൾ കൗതുകം തോന്നി അദ്ദേഹവുമായി സംസാരിക്കുകയായിരുന്നുവെന്നും തമ്പി ആന്റണി മനോരമ ഓൺലൈനോട് പറഞ്ഞു. സ്വകാര്യത മാനിച്ച് പേരും ചിത്രവും മറ്റുവിവരങ്ങളും പങ്കുവയ്ക്കുന്നില്ല. അദ്ദേഹം അനുവദിച്ചാൽ വീണ്ടും വിളിച്ച് വിശദമായി സംസാരിക്കുമെന്നും തമ്പി വ്യക്തമാക്കി. 

വളരെ സന്തോഷത്തോടെ ജീവിക്കുന്ന അദ്ദേഹത്തിനൊപ്പം സുഹൃത്തുക്കളുടെ മക്കളുടെ മക്കളാണ് അടുപ്പക്കാർ. അടുത്തിടെ 106–ാം ജന്മദിനം ആഘോഷിച്ചു. ഇപ്പോഴും ഡ്രൈവിങ് ചെയ്യുന്നതിൽ പ്രശ്നമില്ലെങ്കിലും നൂറുവയസ്സു കഴിഞ്ഞതിനാൽ അധികൃതർ അനുമതി നൽകിയില്ലെന്നാണ് പറയുന്നത്. അമേരിക്കയിലെ എല്ലാ ആധുനിക ടെക്നോളജിയെപ്പറ്റിയും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം കൃത്യമായ അറിവുണ്ട്. അവിവാഹിതനായി കഴിയുന്ന അദ്ദേഹത്തിന് മലയാളികളുമായി വലിയ ബന്ധമില്ലെന്നും തമ്പി ആന്റണി പറയുന്നു.

തമ്പി ആന്റണി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്

ആയുസിന്റെ രഹസ്യം!

അമേരിക്കയിൽ നൂറ്റിയാറു വയസുള്ള മലയാളി ട്രമ്പിന്റെ ആരാധകൻ!

എൺപതു വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ ഒരു നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന തിരുവല്ലാക്കാരൻ മലയാളിയെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ? രണ്ടാഴ്ച്ച മുൻപാണ് കൂട്ടുകാർകൂടി 106th ജന്മദിനം ആഘോഷിച്ചത്. അമേരിക്കയിലായിട്ടും ഞാൻപോലും കേട്ടിട്ടില്ലായിരുന്നു, പിന്നെയല്ലേ കേരളത്തിലുള്ളവർ. ആദ്യം സംസാരിച്ചപ്പോൾത്തന്നെ, പേരു പറഞ്ഞു. പബ്ലിസിറ്റിയിൽ താൽപര്യമില്ലന്നു പറഞ്ഞതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പേരുപറയാൻ ആഗ്രഹിക്കുന്നില്ല. 

ഒരിക്കൽപോലും ആ വ്യക്തിയെ കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും, അദ്ദേഹത്തെപറ്റി എന്റെ സുഹൃത്തു പറഞ്ഞറിഞ്ഞപ്പോൾ ഒന്നു സംസാരിക്കണമെന്നു തോന്നി. ഞാൻ ആവശ്യപെട്ടതനുസരിച്ച്  അദ്ദേഹത്തോടു ചോദിച്ചിട്ടാണ് ആ കൂട്ടുകാരൻ അദ്ദേഹത്തിന്റെ നമ്പർ തന്നത്. ടെക്സ്റ്റ് ചെയ്ത് അനുവാദം കിട്ടിയശേഷമാണ് വിളിച്ചത്. ഞാൻ സ്വയം പരിചയപ്പെടുത്തി. ബാബു ആന്റണിയെപ്പറ്റി ആരോ പറഞ്ഞറിയാം അതുകൊണ്ട് എന്നേയും ഓർക്കുന്നുണ്ട് എന്നുപറഞ്ഞു. മലയാളസിനിമയൊന്നും കാണാറില്ല എന്നുപറഞ്ഞപ്പോൾ എനിക്ക് ആ അപരിചിതത്വത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഞങ്ങളെപ്പറ്റി നാട്ടിലുള്ള ബന്ധുക്കാർ പറഞ്ഞുള്ള അറിവായിരിക്കുമെന്നു ഞാനൂഹിച്ചു.

അവിവാഹിതനായ ഒരാൾ, മലയാളി സുഹൃത്തുക്കൾപോലുമില്ലാതെ എൺപതു വർഷത്തോളം അമേരിക്കയിൽ ജീവിക്കുന്നു. അമേരിക്കയിലെ എല്ലാ ആധുനിക ടെക്നോളജിയെപ്പറ്റിയും രാഷ്ട്രീയത്തെപറ്റിയുമൊക്കെയുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ അത്ഭുതപെടുത്തി. ഏറ്റവും പുതിയ ഐഫോണിനെപറ്റിപോലും വാചാലമായി സംസാരിക്കും. അങ്ങനെ സംസാരം നീണ്ടുപോയെങ്കിലും എനിക്കറിയണ്ടത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപറ്റി ആയിരുന്നു. ഇംഗ്ളീഷിലായിരുന്നു സംസാരം. ഇടക്ക് ഒരു മലയാളം വാക്കെങ്കിലും പറഞ്ഞിരുന്നെങ്കിൽ സംസാരം മലയാളത്തിൽ ആക്കാമായിരുന്നുവെന്നു കരുതി ഞാനും ഇടക്കിടെ മലയാളം വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിലും അദ്ദേഹമത് ശ്രദ്ധിക്കുന്നതുപോലുമില്ല എന്നെനിക്കു മനസിലായി. ഒരുപക്ഷേ, ദീർഘകാലത്തെ  ഒറ്റക്കുള്ള താമസം അദ്ദേഹത്തെ മലയാളികളിൽനിന്നും, മലയാളത്തിൽനിന്നും ഒരുപാടകലത്തേക്കു മാറ്റിനിർത്തിയിരിക്കണം. അദ്ദേഹം വരുമ്പോൾ അമേരിക്കയിൽ മറ്റു മലയാളികൾ ഒന്നും ഉണ്ടാകാനുള്ള സാധ്യതയുമില്ലല്ലോ. 

ഒട്ടും സംശയിക്കാതെയുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെക്കൂടെ ട്രംപിന്റെ ആളാക്കിമാറ്റി. ഞാൻ കാലിഫോർണിയായിലായതുകൊണ്ട് എന്റെ വോട്ടിന് വലിയപ്രസക്തിയൊന്നുമില്ല. കാരണം കാലിഫോർണിയ എന്നും ഡോമോക്രാറ്റിക്ക്നൊപ്പമാണ്. ഭൂരിപക്ഷമുള്ള സ്റ്റേറ്റിന്റെ ഇലക്ട്രോറൽ വോട്ടാണല്ലോ കൗണ്ട് ചെയ്യുന്നത്. 

“വാട്ട് യു മീൻ ബൈ ദാറ്റ് ” ഞാൻ കൂടുതൽ അറിയാൻവേണ്ടിത്തന്നെ ചോദിച്ചു.

” ഹി നോസ് ഹൗ റ്റു സെ നോ റ്റു ചൈന, ഇറാൻ, ആൻഡ് സൗത്ത് കൊറിയ. വെൻ ഹി വാസ് ഇൻ ദി ഓഫീസ്, ഹി ബ്രോട്ട് ദി എക്‌ണോമി ബാക്ക്”

ഇത്രയുമൊക്കെ പറഞ്ഞസ്ഥിതിക്ക്‌ ഞാൻ കമലാഹാരീസിനെപ്പറ്റി ചോദിച്ചതേയില്ല. എനിക്കു തോന്നുന്നത് മിക്കവാറും ഇൻഡ്യാക്കാർക്കൊന്നും കമലയെ ഇഷ്ട്ടമല്ല എന്നാണ്. അവർ അവളുടെ ഇന്ത്യൻപാരമ്പര്യത്തെപ്പറ്റി ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ കാലിഫോർണിയ അറ്റോർണി ജനറൽ ആയിരുന്നതുകൊണ്ട് കാലിഫോർണിയയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അവർക്കായിരുക്കും വോട്ടു ചെയ്യുക. ഇലക്ട്രോറൽ  വോട്ടുകൾ കൂടുതലുള്ള കാലിഫോർണിയ പോയാലും . സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ മിക്കവാറും സ്റ്റേറ്റുകൾ ട്രംപിന് അനുകൂലമായെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നതു. 

” ഐ ആം ഷുവർ ട്രംപ് വിൽ ബി ഔർ ന്യൂ പ്രസിഡണ്ട് ” എന്നുകൂടി അദ്ദേഹം പറഞ്ഞു 

“ഹൗ എബൗട്ട് ദി മിഡിൽഈസ്റ്റ് സിറ്റുവേഷൻ’ ഞാൻ വീണ്ടും ആകാംഷയോടെ ചോദിച്ചു.

” ഇറാൻ ഈസ് ആൾറെഡി സ്കൈർഡ്, ദേ നോ ട്രംപ് ഈസ് കമിങ് ബാക്. ഹി ആൾറെഡി ഗേവ്  വാർണിങ് ടൂ  ഇറാൻസ് പ്രെസിഡന്റ് ” 

അത്രയും പറഞ്ഞപ്പോഴേ കാര്യം മനസിലായതുകൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല, അദ്ദേഹത്തിന് തിരക്കുണ്ട് എന്നുപറഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞു.

” നൈസ് ടോക്കിങ് ടു യു , ടേക്ക് കെയർ “

” യു ടൂ ” എന്നദ്ദേഹവും പറഞ്ഞു. 

അങ്ങനെ ആ സംഭാഷണം അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമായിരുന്നു. ഇലക്ഷൻ അടുക്കുബോൾ ഒന്നുകൂടെ വിളിക്കണമെന്നുണ്ട്. ട്രംപ് സർവേകളിൽ മുന്നിലെത്തിയയപ്പോൾ ആ മലയാളിത്വം ഇല്ലാത്ത അമേരിക്കൻമലായാളിയുടെ പ്രവചനമാണ് അക്ഷരംപ്രതി ശരിയാവാൻപോകുന്നതെന്ന് എനിക്കും  തോന്നി. മലായാളികളുമായിട്ടൊന്നും ഒരു സമ്പർക്കവുമില്ലാത്ത ആ തിരുവല്ലാക്കാരന്റെ കൂട്ടുകാരെല്ലാം ആദ്യകാലത്തെ കൂട്ടുകാരായ വെള്ളക്കാരുടെ മക്കളും മക്കടെ മക്കളുമാണ്. ഈ അടുത്തകാലത്താണ് ഡ്രൈവിങ് ലൈസൻസ് വേണ്ടാന്നു വെച്ചത്. അതും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പറഞ്ഞതുകൊണ്ടുമാത്രം. കൂട്ടുകാരെല്ലാരുംതന്നെ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. പക്ഷെ കൂട്ടുകാരുടെ മക്കളൊക്കെ എല്ലാ സഹായത്തിനും കൂടെയുള്ളതുകൊണ്ട് അദ്ദേഹത്തിന് അതൊരു പ്രശ്നമല്ല എന്നാണ് പറഞ്ഞത്.

ഇനി ഒരു രഹസ്യം 

അവിവാഹിതൻ, മിതമായ ഭക്ഷണം. മിതമായ ആൾക്കഹോൾ‌. പുകവലി ഇല്ലേയില്ല. ഇപ്പോൾ എന്നും കിടക്കുന്നതിനു മുൻപ് ഒരു വിസ്ക്കി, അതും പച്ചമുട്ട ഉടച്ചു ഗ്ലാസിൽ ഒഴിച്ചു കലക്കി കുടിക്കും. അതുകേട്ടപ്പോൾ ദീർഘായുസിനായി ഒന്നു പരീക്ഷിക്കണമെന്നു തോന്നി. ഇലക്ഷൻ കഴിയുമ്പോൾ ഒന്നുകൂടെ അദ്ദേഹത്തെ വിളിക്കണമെന്നുണ്ട് അപ്പോൾ ഇനി ബാക്കി എഴുതാം.

Most Popular

error: