തെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളിഐ.ആര്‍.ജി.സി. കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇറാന്‍ സൈനിക വിഭാഗം വ്യക്തമാക്കി. ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകള്‍ ഉള്‍പെടെ കൂടുതല്‍ പ്രൊജക്‌റ്റൈലുകള്‍ വിന്യസിക്കുന്നുണ്ടെന്ന് അവര്‍ വിശദീകരിച്ചു.
തങ്ങളുടെ ലക്ഷ്യം നിറവേറിയെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ട്രംപ് ഇറാന്റെ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന അവകാശ വാദം ഉന്നയിച്ചത്.
‘യുദ്ധം ഏറെക്കുറേ പൂര്‍ണ്ണമാണെന്ന് ഞാന്‍ കരുതുന്നു, മിക്കവാറും,’ അദ്ദേഹം പറഞ്ഞു. അവര്‍ക്ക് നാവികസേനയില്ല, ആശയവിനിമയമില്ല, അവര്‍ക്ക് വ്യോമസേനയില്ല. അവരുടെ മിസൈലുകള്‍ ചിതറിക്കിടക്കുകയാണ്. അവരുടെ ഡ്രോണുകള്‍ എല്ലായിടത്തും പൊട്ടിത്തെറിക്കുന്നു, ഡ്രോണുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ. നിങ്ങള്‍ക്ക് നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്ക് ഒന്നും ശേഷിക്കുന്നില്ല. സൈനിക അര്‍ത്ഥത്തില്‍ ഒന്നും അവശേഷിക്കുന്നില്ല.’- ട്രംപ് പറഞ്ഞു. ഇസ്റാഈലുമായുള്ള സംയുക്ത സൈനിക നടപടി അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞു. അതിനാല്‍ ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഈ പ്രസ്താവനക്ക് ഉടനടി തന്നെ ഇറാന്‍ മറുപടി നല്‍കിയിരുന്നു.
യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) നല്‍കിയ മറുപടി. മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നും അവര്‍ ട്രംപിനെ ഓര്‍മിപ്പിച്ചു.
അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ നിര്‍ത്തിയാല്‍ ഇറാനെ ’20 മടങ്ങ് ശക്തമായി’ അക്രമിക്കുമെന്ന പുതിയ ഭാഷണിയുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പുതിയ ഭീഷണി.
അതേസമയം, ബഹ്റൈന്‍, കുവൈത്ത്, യുഎഇ, സഊദി അറേബ്യ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഇസ്‌റാഈല്‍, യുഎസ് ആസ്തികള്‍ക്കു നേരെയുള്ള ഇറാന്‍ പ്രത്യാക്രമണം തുടരുകയാണ്. മനാമയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മധ്യ ഇസ്‌റാഈലില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യുദ്ധത്തിലെ ‘ഏറ്റവും തീവ്രമായ ബോംബാക്രമണങ്ങളില്‍ ചിലത്’ ടെഹ്റാന്‍ ഒറ്റരാത്രികൊണ്ട് അനുഭവിച്ചതായി അല്‍ ജസീറ ലേഖകന്‍ പറയുന്നു, നഗരത്തിലെ റിസാലത്ത് സ്‌ക്വയറിന് സമീപം കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയും തിരിച്ചടി തുടരുകയാണ്. ലെബനാനിലെ ഇസ്‌റാഈലി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 486 കവിഞ്ഞു.





