Sunday, 6 October - 2024

ശശി വീടുകൾ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ബലാത്സംഗാരോപണം ഉയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിലെ രണ്ട് വീടുകളിൽ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളാണ് പി ശശി. അതേ ശശിക്ക് എതിരെയാണ് സമാനമായ ആരോപണം അൻവർ ഉയർത്തിയിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ സുധാകരൻ പറഞ്ഞു.

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി. അതിനെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആർ ഏജൻസി അല്ല. അത് മുഖ്യമന്ത്രി മനപ്പൂർവം പറഞ്ഞതാണ്. ബിജെപി ആർഎസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

തന്റെ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി പി ആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു. 1970 മുതൽ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന് സാമ്പത്തിക ലാഭമുണ്ട്. പല തവണ ജയിലിൽ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.

പിണറായിയുടെ തലയ്ക്ക് വെളിവില്ല. ബുദ്ധി സ്ഥിരതയുള്ള ഒരാൾ പി ശശിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ല. മുഖ്യമന്ത്രി സ്വത്തുണ്ടാക്കാൻ മാത്രം ശ്രമിക്കുകയാണ്. നാടുവേണ്ട കുടുംബം മതി എന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പി ശശിക്കെതിരെ നൽകിയ പരാതിയുടെ പകർപ്പ് പി വി അൻവ‍ർ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി.ശശി വാങ്ങി വയ്ക്കുന്നുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്. അതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡൽഹിയിൽ അഭിമുഖം നൽകിയതെന്നും കഴിഞ്ഞ ദിവസം അൻവർ ഉന്നയിച്ചിരുന്നു. ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രി ഇന്റർവ്യൂ നൽകിയത്. മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അൻവർ പറഞ്ഞു.

Most Popular

error: