Thursday, 10 October - 2024

ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ മെഡിക്കൽ സംഘത്തോട് അങ്ങോട്ട് എത്താൻ ആവശ്യപ്പെട്ടതായും ഇസ്രായേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല പോരാളികൾ ശക്തമായ മോട്ടാർ ആക്രമണമാണ് നടത്തിയത്. ലെബനാനിലേക്ക് കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സൈന്യം കടന്നുകയറിയത്. ഇസ്രായേൽ സൈന്യത്തിന് ലെബനാൻ അതിർത്തിയിൽ ശക്തമായ തിരിച്ചടിയാണ് ഹിസ്ബുല്ല പോരാളികളിൽ നിന്ന് നേരിടേണ്ടിവരുന്നത് എന്നാണ് വിവരം.

Most Popular

error: