പാമ്പുകടിയേറ്റ് 2024- ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് മാസത്തില്‍ ഒരാളെന്ന കണക്കില്‍ എട്ടുപേരായിരുന്നെങ്കില്‍ തുടര്‍ന്നു വന്ന 23 ദിവസത്തിനുള്ളില്‍, സെപ്റ്റംബര്‍ ഒന്നു മുതല്‍ 23 വരെ മരണത്തിനു കീഴടങ്ങിയത് ആറു പേര്‍.
വരുന്നത് പാമ്പുകടിയേല്‍ക്കാല്‍ സാധ്യത കൂടുതലുള്ള കാലമാണെന്നും ജനങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സര്‍പ്പ’ യുടെ സംസ്ഥാന കോ ഓഡിനേറ്റര്‍ മുഹമ്മദ് അന്‍വര്‍ യൂനസ് ‘ദ ഫോര്‍ത്തിനോടു’ പറഞ്ഞു. പാമ്പുകള്‍ കാരണം ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സര്‍പ്പ.