എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ആദ്യമായി പാർട്ടി വേദിയിലെത്തി ഇ.പി. ജയരാജന്‍. സർക്കാരിനും, പാർട്ടിക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെയും, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാത്താക്കുന്നതിനും നടക്കുന്ന പ്രചരണങ്ങൾക്കെതിരെ സിപിഎം നടത്തിയ ബഹുജന പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടകനായാണ് ഇ.പി. ജയരാജന്‍ എത്തിയത്.
മലയാളികളെ വലതുപക്ഷ ആശയത്തിലേക്ക് കൊണ്ടുപോകാൻ മാധ്യമങ്ങൾ സംഘടിത നീക്കം നടത്തുന്നുവെന്നും ഇടത് വേഷം ധരിച്ചും ഇത്തരക്കാർ എത്തുന്നുവെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ഇ.പി. ജയരാജനെ എൽഡിഎഫ് കണവീനർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധുനിയമന വിവാദവും, ബിജെപി ബന്ധം ആരോപിക്കപ്പെട്ടതുമെല്ലാം ഇ.പി. ജയരാജന് തിരിച്ചടിയായിരുന്നു.





