Sunday, 6 October - 2024

ആംബുലന്‍സ് സര്‍വീസിന് താരിഫ് നിശ്ചയിച്ച് കേരളം

രാജ്യത്ത് ആദ്യമായി ആംബുലന്‍സ് സര്‍വീസിന് താരിഫ് നിശ്ചയിച്ച് കേരളം. ആംബുലന്‍സ് സേവനത്തിന് നിരക്ക് ഈടാക്കുന്നതിന് ഇതുവരെ മാനദണ്ഡങ്ങള്‍ നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആംബുലന്‍സ് ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തിയ ശേഷം മിനിമം ചാര്‍ജ്, എക്സ്ട്രാ ചാര്‍ജ്, വെയിറ്റിങ് ചാര്‍ജ് എന്നിവയായി ഈടാക്കാവുന്ന നിരക്കുകള്‍ നിശ്ചയിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

പത്ത് കിലോ മീറ്റര്‍ ഓട്ടത്തിനാകും മിനിമം ചാര്‍ജ് ഈടാക്കുക. വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സുകളെ വിവിധ ലെവലുകളിലായി തരം തിരിച്ചിട്ടുണ്ട്. 

വെന്റിലേറ്റര്‍ സംവിധാനമുള്ള എ.സി ആംബുലന്‍സ് ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് വേണ്ടി ഓടുകയാണെങ്കില്‍ മൊത്തനിരക്കിന്റെ 20 ശതമാനം ഇളവ് ചെയ്ത് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കാൻസര്‍ രോഗികള്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ഓട്ടത്തിനും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് ലഭിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

അപകടങ്ങള്‍ നടന്നാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ സൗജന്യമായി എത്തിക്കും. ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും നല്‍കും.

ഐസിയു സംവിധാനമുള്ള എയര്‍ കണ്ടീഷന്‍ ഡി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപയാണ്. പത്ത് കിലോമീറ്റര്‍ കഴിഞ്ഞുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 50 രൂപ വെച്ചാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനമുള്ള ആംബുലന്‍സുകള്‍ക്ക് വെയിറ്റിങ് ചാര്‍ജായി മണിക്കൂറിന് 350 രൂപ വെച്ച് ഈടാക്കാനും അനുമതി നല്‍കുന്നുണ്ട്. ആശുപത്രിയില്‍ എത്തി ആദ്യമണിക്കൂറിന് ശേഷം പിന്നീടുള്ള സമയത്തിനാണ് ഈ ചാര്‍ജ് ഈടാക്കുന്നത്.

ട്രാവലര്‍ പോലുള്ള വാഹനങ്ങളില്‍ ഒരുങ്ങിയിട്ടുള്ള എയര്‍ കണ്ടീഷന്‍ സംവിധാനവും ഓക്‌സിജന്‍ സിലിണ്ടറുമുള്ള ആംബുലന്‍സുകളെ സി-ലെവല്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 1500 രൂപയാണ് മിനിമം ചാര്‍ജ്. ഈ തുകയില്‍ ഓടാവുന്ന കിലോമീറ്റര്‍ 10 കിലോമീറ്റര്‍ തന്നെയാണ്. ഇത്തരം ആംബുലന്‍സുകളുടെ വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപ വെച്ച് ഈടാക്കാം. ഇത്തരം ആംബുലന്‍സിന് അധികം വരുന്ന കിലോമീറ്ററിന് 40 രൂപ വീതം ഈടാക്കാം. 

ട്രാവലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ തന്നെ ഒരുങ്ങിയിട്ടുള്ള നോണ്‍ എ.സി. ആംബുലന്‍സുകള്‍ ബി-ലെവല്‍ എന്ന കാറ്റഗറിയിലാണ്. ഇവയ്ക്ക് മിനിമം ചാര്‍ജ് 1000 രൂപയാണ് ഈടാക്കാവുന്നത്. ഇത്തരം ആംബുലന്‍സുകള്‍ക്ക് രണ്ടാം മണിക്കൂര്‍ മുതല്‍ 200 രൂപ വീതം വെയിറ്റിങ് ചാര്‍ജ് കണക്കാക്കും. 10 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധികമായി നല്‍കേണ്ടത്.

മാരുതി ഓമ്‌നി, ഇക്കോ, മഹീന്ദ്ര ബൊലേറോ തുടങ്ങി ആര്‍.ടി.ഒ. അംഗീകരിച്ച മറ്റ് ചെറിയ ആംബുലന്‍സുകളെ എ-ലെവലായാണ് പരിഗണിക്കുന്നത്. ഇവയില്‍ എ.സി. സംവിധാനമുള്ളവയ്ക്ക് 800 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് ഒരു മണിക്കൂറിന് ശേഷം 200 രൂപ വീതം ഈടാക്കും. കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വെച്ചാണ് അധികമായി വാങ്ങുക. ഇവയില്‍ തന്നെ എ.സി. ഇല്ലാത്ത ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോമീറ്ററിന് 20 രൂപയുമായിരിക്കും നിരക്ക്.

Most Popular

error: