“കേരളത്തിൽ ഇപ്പോൾ കമ്യൂണിസ്റ്റ് ജനതാ പാർട്ടി”; സിപിഐഎമ്മിനെതിരെ ഡീൽ ആരോപണത്തിൽ ആഞ്ഞടിച്ച് ഖാർഗെ

കോഴിക്കോട്: സിപിഐഎമ്മിനെതിരെ പ്രതിപക്ഷം ഉയർത്തിയ ഡീൽ ആരോപണം ഏറ്റുപിടിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. സിപിഐഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സിപിഐഎമ്മിനെ ജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

കേരളത്തിൽ ഇപ്പോഴുള്ളത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയാണ്. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബിജെപി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. മോദിയുടെ വ്യാജ ഓഫർ പോലെയാണ് പിണറായിയുടെ വാഗ്ദാനമെന്നും ഖാർഗെ പറഞ്ഞു. കോഴിക്കോട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഖാർഗെയുടെ ആരോപണം.

ഒരേ ശബ്ദത്തിൽ കേരളം പറയുന്നത് കേരളത്തിൽ മാറ്റം വേണമെന്നാണെന്നും ഖാർഗെ പറഞ്ഞു. നാട്ടിൽ ചായക്കടകളെക്കാൾ കൂടുതൽ ബാറുകളും മദ്യ ശാലകളുമാണ്. കേരളം മയക്കുമരുന്ന് കേസുകളുടെ വർധനവിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കേരളത്തിലെ പൊതു ആരോഗ്യ കേന്ദ്രങ്ങൾ വെന്റിലേറ്ററിലാണെന്നും ഖാർഗെ ആരോപിച്ചു.

കേരളത്തിൽ സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാത്തത് ഈ കൂട്ടുകെട്ട് മൂലമാണ്. പിണറായിക്ക് എതിരായ അഴിമതി കേസുകളിൽ എന്തുകൊണ്ട് നടപടിയില്ലെന്നും രാഹുൽ ചോദിച്ചു. ശബരിമലയെ പോലും ഇടതുപക്ഷം വെരുതെ വിട്ടില്ലെന്നും കിലോ കണക്കിന് സ്വർണം കവർന്നവരാണ് സിപിഐഎം നേതാക്കളെന്നും രാഹുൽ പറഞ്ഞു. പ്രചാരണ വേദിയിൽ ഓൺലൈനായി പങ്കെടുത്തായിരുന്നു രാഹുലിൻ്റെ പ്രതികരണം.