Sunday, 6 October - 2024

ബൈക്ക് യാത്രികനെ കാറിടിച്ചു കൊന്ന യുവാവിന് 30 മിനുട്ടിനുള്ളിൽ ജാമ്യം

ന്യൂഡൽഹി: ലൈസൻ ഇല്ലാതെ വൺവേയിൽ എതിർദിശയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ യുവാവിന് 30 മിനുട്ടിനുള്ളിൽ ജാമ്യം. ന്യൂഡൽഹിക്കടുത്ത ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ യുവാവിന്റെ മരണകാരണമായ അപകടമുണ്ടാക്കിയ കുൽദീപ് ഠാക്കൂർ എന്നയാളെയാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത് 30 മിനുട്ടിനുള്ളിൽ ജാമ്യത്തിൽ വിട്ടത്. ബി.ജെ.പി സ്റ്റിക്കർ പതിച്ച മഹിന്ദ്ര എക്‌സ്.യു.വി വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്.

ഞായറാഴ്ച പുലർച്ചെയാണ് അക്ഷത് ഗാർഗ് എന്ന 23-കാരന്റെ ദാരുണ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. ഒരേ ദിശയിൽ മാത്രം വാഹനമോടിക്കാൻ അനുവാദമുള്ള ഗോൾഫ് കോഴ്‌സ് റോഡിലൂടെ അക്ഷത് ഗാർഗും സുഹൃത്തുക്കളും ബൈക്കുകളിൽ സഞ്ചരിക്കവെ, എതിർദിശയിൽ വളവു തിരിഞ്ഞെത്തിയ BR07BE5797 നമ്പറിലുള്ള വാഹനം അക്ഷതിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അക്ഷത് വായുവിൽ ഉയർന്ന് എസ്.യു.വിയുടെ പിറകുവശത്ത് ചെന്നു വീണു. സുഹൃത്തുക്കൾ ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കുൽദീപ് ഠാക്കൂർ ഓടിച്ച വാഹനത്തിന്റെ മുൻഭാഗം തകർന്നു.

സംഭവസ്ഥലത്തെത്തിയ ഗുരുഗ്രാം പൊലീസ് എസ്.യു.വി ഓടിച്ചിരുന്ന കുൽദീപ് ഠാക്കൂറിനെ അറസ്റ്റ് ചെയ്‌തെങ്കിലും മിനുട്ടുകൾക്കുള്ളിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമായി. ഇയാളെ മദ്യപാന പരിശോധനയ്ക്കു വിധേയമാക്കുകയോ ഗൗരവമുള്ള വകുപ്പുകൾ ചുമത്തുകയോ ചെയ്തില്ല.

അക്ഷതിന്റെ ബൈക്കിനു പിന്നിൽ പിന്തുടർന്നിരുന്ന ഒരു സുഹൃത്ത് തന്റെ ബൈക്കിൽ സ്ഥാപിച്ച ഗോപ്രോ ക്യാമറയിൽ നിന്നുള്ള ദൃശ്യം പൊലീസിനെ കാണിച്ചെങ്കിലും ഇത് കോപ്പി ചെയ്യാൻ പോലും ഉദ്യോഗസ്ഥർ തയാറായില്ല. കുൽദീപ് ഠാക്കൂറിന് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് ഡി.എൽ.എഫ് എ.സി.പി വികാസ് കൗശിക് പറഞ്ഞു.

Most Popular

error: