Sunday, 6 October - 2024

വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിവിധ തലക്കെട്ടുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമർശിച്ചു.

കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ സീമകളും നടന്നു. കള്ളം പറക്കുമ്പോൾ സത്യം അതിന് പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന ജൊനാഥൻ സ്വിഫ്റ്റിന്റെ പ്രശസ്തമായൊരു വാചകമുണ്ട്. അതുപോലെ സത്യം ഇഴയുമ്പോഴേക്കും മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നുകയറിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം വാർത്തകൾ കേവലം മാധ്യമ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നുണകൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. അത് നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരായുള്ളതാണ്. കേരളത്തിനെതിരെ അതിരുവിട്ട ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് കേരളം തയാറാക്കിയത്. അതിനെ കള്ളക്കണക്കും ധൂർത്തുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കാക്കുന്ന ലളിത യുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.

കേന്ദ്രമാനദണ്ഡപ്രകാരം മാത്രമെ സഹായം ചോദിക്കാനാവൂ. വിവിധ സർക്കാരുകൾ പല ദുരന്തഘട്ടത്തിലും തയറാക്കി സമർപ്പിച്ച മെമ്മോറാണ്ടം വെബ്‌സൈറ്റിൽ ഉണ്ട്. യുഡിഎഫ് സർക്കാരുകൾ സമർപ്പിച്ച മെമ്മോറാണ്ടം ധൂർത്താണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. വരൾച്ച മുതൽ പുറ്റിങ്ങൽ വെടിക്കെട്ട് വരെ പരമാവധി കേന്ദ്ര സഹായം നേടണമെന്നാണ് അന്നത്തെ പ്രതിപക്ഷം വരെ പറഞ്ഞത്. മെമ്മോറാണ്ടം തയറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച വിദഗ്ധരാണ്.

അതിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. പല സാധ്യതകൾ വിലയിരുത്തി വേണം ഓരോ കണക്കും തയാറാക്കാൻ. എൻ‍ഡിആർഎഫിന്റേത് വളരെ ഇടുങ്ങിയ മാനദണ്ഡമാണ്. അതുപ്രകാരം 219 കോടി മാത്രമേ ചോദിക്കാനാവൂ. യഥാർഥ നഷ്ടം 1200 കോടി രൂപയിൽ അധികമാണെന്നു കണക്കാക്കിയിരുന്നു. ദുരന്ത മേഖലയെ പുനർനിർമിക്കാൻ 2200 കോടി രൂപ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുതാര്യവും സുഗമവും ആയി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസ്സമുണ്ടാകും. അതുപോലെതന്നെ മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. അതുകൊണ്ട് വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണം. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്. മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്.

പ്രളയത്തിന്‍റെ സമയത്ത് കോണ്‍ഗ്രസ്സ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ചി’നെതിരെ രംഗത്തുവന്നത് ഓര്‍ക്കുന്നത് നന്നാവും. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അവര്‍ അധപതിച്ചില്ലേ അന്ന് സാലറി ചലഞ്ചിനോട് മുഖം തിരിക്കുക മാത്രമല്ല, കാമ്പയിൻ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ഇന്നാട്ടിലെ അധ്യാപകരേയും ജീവനക്കാരെയും അകാരണമായി പിഴിയുന്നു എന്നാണ് അന്ന് ഇവര്‍ പറഞ്ഞു പരത്തിയത്? എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ദുഷ്പ്രചാരണങ്ങളെ വകവെക്കാതെ നാടിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയാണ് ബഹുഭൂരിപക്ഷം ജീവനക്കാരും ചെയ്തത്.

ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാര്‍ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവര്‍ക്കുപോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാരിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്‍റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ട കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നു.

ഉണ്ടായ ദുരന്തത്തില്‍ നിന്നും നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനപോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular

error: