റാമല്ല: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശ സേന നടത്തിയ വെടിവെപ്പിൽ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽക്കറം നഗരത്തിന് സമീപമാണ് സംഭവം.
പ്രദേശത്ത് ഇസ്രയേൽ സേന നടത്തിയ തിരച്ചിലിനിടെയാണ് കുടുംബത്തിന് നേരെ വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള പ്രതിഷേധം ഇരമ്പുകയാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രയേൽ സേന കുടുംബത്തിന് നേരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിവെപ്പിൽ സമീപത്തുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റാമല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ പലസ്തീൻ അതോറിറ്റി ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇസ്രയേലിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്.
കഴിഞ്ഞ മാസങ്ങളിൽ മാത്രം നൂറുകണക്കിന് പലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഘർഷം പടരുന്ന സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.





