ദേശീയ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് സർക്കാർ വസതിക്ക് അവകാശമുണ്ട്, കെജ്‌രിവാളിനും നൽകണം; എഎപി

0
722

മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സർക്കാർ വസതി നൽകണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി. ഒരു ദേശീയ പാർട്ടിയുടെ കൺവീനറായതിനാൽ കെജ്‌രിവാളിന് അതിനുള്ള അർഹതയുണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് പാർട്ടി കത്ത് നൽകും. ഉടൻ തന്നെ കെജ്‌രിവാളിന് താമസസൗകര്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും എഎപി രാജ്യസഭാ എംപി രാഘവ് ചദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ദേശീയ പാർട്ടികൾക്കും ഡൽഹിയിൽ നിന്ന് പ്രവർത്തിക്കാനായി ഓഫീസ്, പാർട്ടി തലവനുള്ള താമസം സൗകര്യം എന്നിവയ്ക്ക് അർഹതയുണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു. 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകളും നല്ല വോട്ട് ശതമാനവും നേടിയതോടെയാണ് എഎപി ദേശീയ പാർട്ടിയായി മാറിയത്.

രണ്ട് വർഷത്തെ സമരത്തിനും കോടതിയുടെ ഇടപെടലിനും ശേഷമാണ് കേന്ദ്രം എഎപിക്ക് ഓഫീസ് നൽകിയത്. കഴിഞ്ഞ മാസമാണ് ഐടിഒയ്ക്ക് സമീപമുള്ള പഴയ ഡിഡിയു മാർഗ് ഓഫീസിൽ നിന്നും മാണ്ഡി ഹൗസിലെ രവിശങ്കർ ശുക്ല ലെയ്നിലുള്ള പുതിയ ഓഫീസിലേക്ക് എഎപി മാറിയത്.