15,300 കോടി; റെക്കോര്‍ഡ് തുക, രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കി കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കി സംരംഭകന്‍ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 15,300 കോടി രൂപയുടെ റെക്കോര്‍ഡ് തുകക്കാണ് യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തത്.

ബിര്‍ള, ടൈസ് ഓഫ് ഇന്ത്യ ഗ്രൂപ്പുകളെ മറികടന്നാണ് കണ്‍സോര്‍ഷ്യം റോയല്‍സിനെ നേടിയെടുത്തത്. ഉടമസ്ഥാവകാശത്തിലെ മാറ്റം വരുന്ന ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും.

രാജസ്ഥാന്‍ റോയല്‍സില്‍ നേരത്തെത്തന്നെ നിക്ഷേപമുള്ള സോമാനിക്ക് എഡ്-ടെക്, ഡാറ്റ പ്രൈവസി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേണന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി മേഖലകളിലും നിക്ഷേപമുണ്ട്. ഇന്‍ട്രാഎഡ്ജ്, ട്രൂയോ.എഐ, അക്കാഡമിയന്‍ എന്നീ കമ്പനികളുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ റോബ് വാള്‍ട്ടണിന്റെയു ഡെട്രോയിറ്റ് ലയണ്‍സില്‍ ഭൂരിപക്ഷ ഉടമസ്ഥതയുള്ള ഹാംപ് ഫാമിലിയുടെയും പിന്തുണ കണ്‍സോര്‍ഷ്യത്തിനുണ്ട്. ഫോര്‍ഡ് കുടുംബത്തില്‍ ഉള്‍പ്പെട്ട ഷീല ഫോര്‍ഡ് ഹാംപും ഗ്രൂപ്പുമായി സഹകരിക്കുന്നു.