റിയാദ്: ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ ലംഘനങ്ങൾ നടത്തിയതിന് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 45 ലക്ഷത്തിൽപരം റിയാലിൽ കൂടുതൽ പിഴ ചുമത്തി. സൗദി സിവിൽ ഏവിയേഷൻ നിയമവും അതിൻ്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും ലംഘിച്ചതിനാണ് പിഴകൾ ചുമത്തിയത്.
ഈ മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് 111 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ അവകാശസംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമലംഘനങ്ങള്‍ വിമാനകമ്പനികളുടെ ഭാഗത്ത് കണ്ടെത്തി.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് അഞ്ചു വിമാനകമ്പനികള്‍ക്ക് 1,40,000 റിയാലും പിഴ ചുമത്തി. അതോറിറ്റി നിര്‍ദേശങ്ങളും സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകളും പാലിക്കാത്തതിന് രണ്ടു കമ്പനികള്‍ക്ക് ആകെ 30,000 റിയാല്‍ പിഴ ചുമത്തി.
സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ ഉപയോഗിച്ചതിന് രണ്ടു വ്യക്തികള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തി. വിമാനങ്ങള്‍ക്കകത്ത് വ്യോമസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മോശം പെരുമാറ്റത്തിനും 10 യാത്രക്കാര്‍ക്ക് 3,900 റിയാലും പിഴ ചുമത്തി.