മുംബൈ: ഓർഡർ ചെയ്ത ബർഗറിൽ ചത്ത പ്രാണിയെ കണ്ടെത്തിയതിനു പിന്നാലെ പ്രമുഖ ഫുഡ് ബ്രാൻഡിനെതിരെ യുവതി. ബർഗർ കിങ് ഔട്ട്ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ബർഗറിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്നാണ് യുവതിയുടെ ആരോപണം.
തനിക്കുണ്ടായ ദുരനുഭവത്തിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബർഗർ കിങ് പോലെ പേരുകേട്ട ബ്രാൻഡുകൾക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനാവുന്നില്ലെങ്കിൽ ഇനി എന്തിനെ ആശ്രയിക്കുമെന്നാണ് യുവതി ചോദിക്കുന്നത്.
പകുതി ബർഗർ കഴിച്ചെന്നും ഛർദിക്കാൻ വരുന്നുണ്ടെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും സംഭവത്തിൽ കമ്പനി മാപ്പ് പറയണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.
ഭക്ഷണപദാർഥങ്ങളിൽ പ്രാണിയും പല്ലിയും എലിയെയും വരെ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സഹജമാണ്. ഇത്തരം അനുഭവങ്ങൾ പ്രമുഖ ഭക്ഷണശാലകളിൽ നിന്നുകൂടിയാകുമ്പോഴാണ് ആശങ്കയേറുന്നത്.