ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഇ-മെയില്‍ അയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഡല്‍ഹി വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ അയച്ചതിനെ തുടര്‍ന്ന് 12 മണിക്കൂറാണ് വിമാനം വൈകിയത്. ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ജൂൺ നാലിന് വൈകിട്ട് 10.50നാണ് സന്ദേശം വിമാനത്താവളത്തിൽ ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശ് മീററ്റ് സ്വദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഇ-മെയിൽ അയച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഇ-മെയില്‍ അയച്ചത് തമാശയ്ക്കാണെന്നായിരുന്നുവെന്നാണ് പതിമൂന്നുകാരൻ്റെ മറുപടി. തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി മീററ്റ് പൊലീസിനോട് പറഞ്ഞു.
‘പുതുതായി ഒരു മെയിൽ ഐഡി നിർമിച്ച ശേഷം അമ്മയുടെ വൈഫൈ കണക്‌ഷൻ ഉപയോഗിച്ച് തന്റെ ഫോണിൽനിന്നാണ് കുട്ടി സന്ദേശം അയച്ചത്. അയച്ചശേഷം ഉടൻ തന്നെ ഇമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ കണ്ടെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല’,പൊലീസ് പറഞ്ഞു.