വയനാട്: രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ടാം തവണയും വൻഭൂരിപക്ഷത്തിൽ പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. രാഹുലിന് പുറമെ സഹോദരി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, അടക്കമുള്ള കോൺഗ്രസ് നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി പൊതുയോഗത്തിൽ സംസാരിക്കും. വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.
ഇന്നലെയാണ് രാഹുലിന്‍റെ നന്ദിപ്രകാശന യാത്ര ആരംഭിച്ചത്. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാനായി രാഹുലെത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും രാഹുൽ ഗാന്ധിയുടെ ഒപ്പം ഉണ്ടാകും.