വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി ബി.ജെ.പി നേതാവിന്‍റെ മകന്‍റെ ഭീഷണി; 70കാരന്‍റെ തലയ്ക്കടിച്ചു

0
1592

ലഖ്നൗ: വൃദ്ധദമ്പതികളുടെ വീട്ടില്‍ക്കയറി അവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാവിന്‍റെ മകന്‍റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

ജൂലൈ 23നാണ് സംഭവം. ആക്രമിക്കപ്പെട്ട 70കാരന്‍ റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനാണ്. വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൃദ്ധൻ്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ വൃദ്ധയെയും യുവാവ് മര്‍ദിക്കുന്നുണ്ട്. സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റിസൺസ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ചിലര്‍ ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള സിങ്ങിൻ്റെ ചിത്രം പങ്കിടുകയും വൈറലായ വീഡിയോയിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു.

വൃദ്ധനെ അഭിനവ് സിങ് പല തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. സിങ്ങിന്‍റെ പ്രകോപനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ സമൂഹത്തിലെ ഉന്നത വ്യക്തിയുടെ മകനായതുകൊണ്ട് യുപി പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം.