Saturday, 27 July - 2024

സയാമീസ് ഇരട്ടകളായ അക്കീസയുടെയും ആയിശയുടെയും ശസ്​ത്രക്രിയ വിജയകരം

റിയാദ്​: ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അക്കീസയുടെയും ആയിശയുടെയും
ശസ്​ത്രക്രിയ വിജയകരം. വേർപ്പെടുത്തൽ ശസ്​ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മെഡിക്കൽ ടീം തലവൻ ഡോ. അബ്​ദുല്ല അൽ റബീഅ പറഞ്ഞു.

റിയാദിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയാണ്​ മെഡിക്കൽ ടീം തലവൻ ഡോ. അബ്​ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ഫിലിപ്പിനോ സയാമീസുകളുടെ ശസ്​ത്രക്രിയ ആരംഭിച്ചത്​.​

അഞ്ച്​ ഘട്ടങ്ങളിലായി 5മണിക്കൂർ സമയമെടുത്താണ് ശസ്​ത്രക്രിയ പൂർത്തിയായത്​. കൺസൾട്ടൻറ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫും, അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികളും ഉൾപ്പെടുന്ന 25 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ്​ ശസ്​ത്രക്രിയ നടത്തിയത്​. ഇവർക്ക്​ പുറമെ പത്ത്​ പ്രമുഖ വനിത ഡോക്​ടർമാരുമുണ്ടായിരുന്നു.

ആറ്​ മാസം പ്രായവും18 കിലോഗ്രാം ഭാരവുമുള്ള ഇവരെ 2024 മെയ് അഞ്ചിനാണ്​ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം സൗദിയിലെത്തിച്ചത്. ഫിലിപ്പൈൻസിൽ നിന്നുള്ള സയാമീസ്​ ഇരട്ടകളുടെ രണ്ടാമത്തെ ശസ്​ത്രക്രിയയാണിത്​. സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ പരമ്പരയിലെ 61-ാമത്തെതുമാണ്​.

Most Popular

error: