Friday, 13 December - 2024

സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളിൽ കുട്ടിയെ സൂചി ഉപയോഗിച്ച് കുത്തിയെന്ന പരാതിയെ തുടർന്ന് സിറിയൻ പ്രവാസി അറസ്റ്റിൽ. സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി. 

ഫാമിലി റെസിഡൻസി പെർമിറ്റുള്ള, സ്വകാര്യ സ്‌കൂളിൽ അനൗദ്യോഗികമായി ജോലി ചെയ്യുന്ന 24 കാരിയെയാണ് കസ്റ്റഡയിൽ എടുത്തത്. രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ക്ലാസിൽ കുട്ടികളെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിനിടയാണ് പ്രവാസി യുവതി മകനെ സൂചി കൊണ്ട് കുത്തിയതെന്ന് രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു.

സാൽമിയ പ്രദേശത്തെ സ്കൂളിലെ ഒരു സ്ത്രീ ജീവനക്കാരി തൻറെ മകനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി രക്ഷിതാവിൽ നിന്നാണ് സാൽമിയ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. മെഡിക്കൽ സൂചി ഉപയോഗിച്ച് യുവതി മകനെ കുത്തുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. സ്കൂളിലെത്തി തിരിച്ചറിയൽ അധികൃതർ പേപ്പറുകൾ പരിശോധിച്ചപ്പോഴാണ് അനധികൃതമായാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

തുടർന്ന് യുവതിയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗത്തിനും ജുവനൈൽ പൊലീസ് വകുപ്പിനും കൈമാറി. പിന്നീട് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുവതിയെ കസ്റ്റഡിിലെടുക്കാനും സ്കൂൾ അഡ്മിനിസ്ട്രേഷൻറെയും പരാതായിൽപ്പറഞ്ഞ കുട്ടിയുടെയും മൊഴിയെടുത്ത് അന്വേഷണം പൂർത്തിയാക്കാനും പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു. 

Most Popular

error: