Saturday, 27 July - 2024

50,000 കിലോമീറ്റര്‍ ദൂരം താണ്ടി, ഒന്നര വർഷമെടുത്ത്‌ ഹജ്ജ് യാത്ര, ഒടുവിൽ അയ്യാദ് സൈക്കിളില്‍ മക്കയിലെത്തി

മക്ക: ഹജ്ജ് യാത്രയിൽ മൊറോക്കൻ സഞ്ചാരിയായ അയ്യാദ് 50,000 കിലോമീറ്റര്‍ ദൂരം താണ്ടി ഒന്നര വർഷമെടുത്ത്
സൈക്കിളിൽ മക്കയിലെത്തി.
മൊറോക്കൊയില്‍ നിന്ന് സൈക്കിളില്‍ നേരെ സൗദിയിലേക്ക് വരുന്നതിനു പകരമായി ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മൂന്നു വന്‍കരകരളിലെ നിരവധി രാജ്യങ്ങള്‍ താണ്ടിയാണ് അയ്യാദ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്.

ഒരു ഹജ് തീര്‍ഥാടകന്‍ പുണ്യഭൂമിയിലേക്കുള്ള യാത്രയില്‍ താണ്ടുന്ന ഏറ്റവും കൂടിയ ദൂരമാണിത്. ഈ റെക്കോര്‍ഡിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടാനുമാണ് 28കാരനായ അയ്യാദ് ആഗ്രഹം.

“നമ്മുടെ പൂർവ്വികർ പുരാതന മാർഗങ്ങളിലൂടെ ഹജ് ചെയ്തിരുന്നതുപോലെ, ദൈവത്തിൻ്റെ പവിത്രമായ ഭവനം സന്ദർശിക്കുക, ഹജ്, ഉംറ കർമ്മങ്ങൾ നടത്തുക, സൈക്കിളിൽ മക്കയിലേക്ക് പോകുക എന്നത് എൻ്റെ വളരെക്കാലത്തെ സ്വപ്നമായിരുന്നെന്ന് അയ്യാദ് പറഞ്ഞു.

യാത്രക്കിടെ നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റോഡുകളില്ലാത്ത പ്രദേശങ്ങളില്‍ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയും വനാന്തരങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. യാത്രയില്‍ പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാതെ അര്‍ധ പട്ടിണി കിടക്കേണ്ടിവന്നു.

ഹജ് പൂര്‍ത്തിയാകുന്നതു വരെ, മക്കയില്‍ ഉമ്മു അബ്ദുല്‍ഹയ്യ് എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വനിത സ്വബാഹ് യൂസുഫിന്റെ വീട്ടിലാണ് ഇയാദ് താമസിക്കുന്നത്. മൊറോക്കൊയില്‍ നിന്ന് സൈക്കിള്‍ മാര്‍ഗം ഹജിനെത്തിയ അയ്യാദിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ സ്വബാഹ് യൂസുഫ് തന്റെ വീട്ടില്‍ തന്റെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം താമസിക്കാന്‍ യുവാവിനെ ക്ഷണിക്കുകയായിരുന്നു.

തന്റെ വീട് വിശാലമാണെന്നും മറ്റു മാര്‍ഗങ്ങളില്ലാതെ പ്രയാസപ്പെടുന്ന ഏതു തീര്‍ഥാടകര്‍ക്കും തന്റെ വീട്ടില്‍ താമസിക്കാവുന്നതാണെന്നും ഇതില്‍ തനിക്ക് സന്തോഷമാണെന്നും സ്വബാഹ് യൂസുഫ് പറഞ്ഞു.

ഹജ് പൂര്‍ത്തിയാകുന്നതു വരെ വിശുദ്ധ ഹറമിലോ മക്കയിലെ പള്ളികളിലോ താമസിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് അയ്യാദ് പറഞ്ഞു. ഇതിന് സാധിച്ചില്ലെങ്കില്‍ തന്റെ പക്കലുള്ള തമ്പ് റോഡ് വക്കില്‍ സ്ഥാപിച്ച് അതില്‍ കഴിയാനായിരുന്നു പദ്ധതി.

Most Popular

error: