അധികാര ദുരുപയോഗം; അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അറസ്റ്റിൽ

0
1662

റിയാദ്: അധികാര ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്‌ അല്‍ഉല ഗവര്‍ണറേറ്റിനായുള്ള റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അമര്‍ ബിന്‍ സാലിഹ് അബ്ദുള്‍ റഹ്മാന്‍ അല്‍ മദനിയെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു.

കിങ്‌ അബ്ദുള്ള സിറ്റി ഫോര്‍ ആറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയില്‍നിന്ന് തന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ടാലന്റ് കമ്പനിക്കായി കരാറുകള്‍ നേടിയതില്‍ അഴിമതിയുണ്ടായി. 20 കോടിയിലേറെയാണ് ഈ കരാറുകളിലൂടെ നേടിയത്. സര്‍ക്കാര്‍ ജോലിയില്‍ ചേരുന്നതിനായി കമ്പനിയില്‍നിന്ന് ഔദ്യോഗികമായി പിരിഞ്ഞെങ്കിലും ഉടമസ്ഥാവകാശം തുടര്‍ന്നു. 

കമ്പനിയുടെ സേവനങ്ങള്‍ അല്‍ ഉല റോയല്‍ കമീഷന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്കായി ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നിരവധി പ്രോജക്ടുകള്‍ നേടി. അതോറിറ്റിയുമായി കരാര്‍ ചെയ്യുന്ന കമ്പനികളില്‍ നിന്ന് വ്യക്തിഗത ആനുകൂല്യങ്ങള്‍ നേടാനും ലാഭം നേടാനും ഇത് സഹായിച്ചു.

ബന്ധുവായ സൗദി പൗരനായ മുഹമ്മദ് ബിൻ സുലൈമാൻ അൽഹർബിയും അറസ്റ്റിലായി. കമ്പനിയിൽ നിന്നും അതിൻ്റെ ഉടമകളിൽ നിന്നും പണം കൈപ്പറ്റി അൽ മദനിക്ക് കൈമാറിയതായി അൽ ഹർബി സമ്മതിച്ചു.

നിയമനടപടികള്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പൂര്‍ത്തീകരിച്ച ശേഷം ജുഡീഷ്യറിക്ക് റഫര്‍ ചെയ്യുമെന്നും നസാഹ അറിയിച്ചു.