Saturday, 27 July - 2024

പാട്ടും കൂത്തും ഉൾപ്പെടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകി പൂർവ്വ വിദ്യാർത്ഥികൾ; ബന്ധമില്ലെന്ന് പത്രക്കുറിപ്പ് ഇറക്കി ദാറുൽ ഹുദ

തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി യാതൊരു ബന്ധവും ഇല്ലെന്ന് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദാറുല്‍ഹുദായുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായരീതിയില്‍ കോഴിക്കോട്ട് നടത്തുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ദാറുല്‍ഹുദാക്ക് യാതൊരു ബന്ധവുമില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കാളികളായ ഹുദവികള്‍ക്കെതിരേ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ബുക്ക്പ്ലസ് എന്നത് ദാറുൽ ഹുദ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹാദിയ നടത്തുന്നതാണ്. ബുക്ക് പ്ലസ് ആണ് ഇത്തവണ ഫെസ്റ്റിവൽ ഏറ്റെടുത്ത് നടത്തുന്നത്. ഇത്തരമൊരു പരിപാടി വരുന്നുവെന്ന് വാർത്ത പുറത്ത് വന്നപ്പോൾ തന്നെ സമുദായത്തിനകത്തും മറ്റും ആക്ഷേപം വന്നിരുന്നു. എന്നാൽ, ചില ഹുദവികൾ അതിനെ പല വിധത്തിൽ ന്യായീകരിച്ചു തങ്ങൾക്ക് അനുകൂലമാക്കി മാറ്റി പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. സമസ്ത പ്രവർത്തകർക്കിടയിലും ബുക്ക്പ്ലസ്, ഹാദിയ നീക്കത്തിനെതിരെ ശക്തമായ എതിർപ്പും ഉയർന്നിരുന്നു. എന്നാൽ, എതിർപ്പുകൾ കാര്യമാക്കണ്ട എന്ന നിലപാടിലാണ് ഹാദിയ.

സമസ്തയുടെ കീഴിലുള്ള ദാറുൽ ഹുദ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിൽ പഠിച്ചു വളർന്ന ഹുദവികൾ തന്നെ ഇത്തരം അനിസ്‌ലാമിക പരിപാടികളിൽ നേതൃത്വം നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് പലരും പ്രതികരിച്ചിരുന്നു. പ്രതിഷേധം ശക്തമാകുകയും ഡി ജെ പരിപാടി പോലെയുള്ള പരിപാടികൾ അവിടെ അരങ്ങേറുകയും അതിൽ കോളേജ് വിദ്യാർത്ഥികളുടെ ശക്തമായ സാന്നിധ്യം വന്നപ്പോഴാണ് ദാറുൽ ഹുദ ഇന്ന് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

സംഗീതകച്ചേരിയും അതിൽ അറബിക് കോളേജ് വിദ്യാർത്ഥികളുടെ തുള്ളിചാട്ടവും കണ്ട സമസ്ത പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലും നീരസത്തിലുമാണ്. സോഷ്യൽ മീഡിയയിൽ ഹുദവികളുടെ ഈ നീക്കത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രധാനികളായ ഹുദവികളും ഹാദിയയും ഇതിനെതിരെ പ്രതികരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സാഹിത്യനഗരമായ കോഴിക്കോടിന്റെ തീരത്ത് സാഹിത്യോത്സവത്തിന് 30 നാണ് തിരശീലയുയർന്നത്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനാണ് 30നു തുടക്കമായത്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ആയിരുന്നു ഉദ്ഘാടകൻ. ഡിസംബർ മൂന്നു വരെയാണ് ഫെസ്റ്റിവൽ. മലബാറിന്റെ വീക്ഷണകോണിൽ നിന്നുള്ള സാഹിത്യത്തിന്റെ പുനർവായനയാണ് എംഎൽഎഫ് ലക്ഷ്യമിടുന്നത്. മലബാറിലെ സമുദായങ്ങൾ, ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകൾ, യാത്രകൾ, കലകൾ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷതയെന്നും സംഘാടകർ അറിയിച്ചിരുന്നു.

‘കടൽ’ ആണ് ഇത്തവണത്തെ ഫെസ്റ്റിവൽ തീം. കടലുമായി ബന്ധപ്പെട്ട് 10 സംവാദങ്ങൾ നടക്കും. കോഴിക്കോടിന്റെ യുനെസ്‌കോ സാഹിത്യ നഗരം പദവിയും മലയാളപ്രസാധനത്തിന്റെ 200–ാം വാർഷികവും ഈ എഡിഷനിലെ പ്രധാന വിഷയമായിരിക്കും. പുസ്തക ചർച്ചകൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ എന്നിവയ്ക്ക് പുറമെ ഡോക്യുമെന്ററി പ്രദർശനങ്ങൾ, സംഗീതസദസ്സുകൾ, കലാ പ്രകടനങ്ങൾ എന്നിവയ്ക്കും ഫെസ്റ്റിവൽ വേദിയാകുന്നുണ്ട്. മുന്നൂറോളം പ്രാദേശിക, ദേശീയ, രാജ്യാന്തര അതിഥികൾ എൺപതോളം സെഷനുകളിൽ പങ്കെടുക്കും. കനിമൊഴി, എൻസെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, എം.എച്ച് ഇല്യാസ്, എം.ടി അൻസാരി, ടി.ടി. ശ്രീകുമാർ, ടി.ഡി. രാമകൃഷ്ണൻ, എസ്.ജോസഫ്, പി. രാമൻ, സുഭാഷ് ചന്ദ്രൻ, എസ്.ഹരീഷ്, ഉണ്ണി.ആർ, ഫ്രാൻസിസ് നൊറോണ, കൽപറ്റ നാരായണൻ, പി.എഫ്. മാത്യൂസ്, അജയ്.പി.മങ്ങാട്ട്, വീരാൻ കുട്ടി, പി.കെ.പാറക്കടവ്, കെ.പി.രാമനുണ്ണി തുടങ്ങിയവർ ഈ ദിവസങ്ങളിൽ പങ്കെടുക്കുണ്ട്. കുമാർ സത്യത്തിന്റെ ഗസൽ, ലക്ഷദ്വീപിൽ നിന്നുള്ള പുള്ളിപ്പറവ ബാൻഡിന്റെ പെർഫോമൻസ്, നാടൻ പാട്ട് തുടങ്ങിയവ അരങ്ങേറും. എം.നൗഷാദ് ക്യൂറേറ്റ് ചെയ്യുന്ന സമീർ ബിൻസി, കരീംഗ്രഫി, ഫ്രീസ്റ്റൈൽ ഹാദിയ എന്നിവർ ചേർന്നുള്ള അവതരനവും നടക്കും.

ഹുദവികൾ നടത്തുന്ന മലബാർ ലിറ്ററെച്ചർ ഫെസ്റ്റിവൽ പ്രമുഖ ചിന്തകൻ ജൗഹർ കാവനൂർ വിലയിരുത്തുന്നു….

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

എന്താണ് ഈ പരിപാടിയുടെ തീം..?

സമുദായത്തിന്റെ സ്വന്തം ചിലവിൽ ലിബറുകൾക്ക്‌ ഭാവി തലമുറയുടെ ഹൃദയത്തിലേക്ക് കേറി വരാൻ അവസരം നൽകപ്പെടുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നിഷ്കളങ്കരായ മുതഅല്ലിം തലമുറയിൽ ഇടതു ബുദ്ധിജീവികളോടും പോമോകളോടും ആരാധന ഉണ്ടാക്കൽ സമുദായത്തോട് ചെയ്യുന്ന ദ്രോഹമാണ് എന്ന മറു വായനയും ഇവിടെ നില നിൽക്കേണ്ടതുണ്ട്. അതിനാൽ ആ സംവാദം തുടക്കമിടുന്നു.

പോമോ എന്നാൽ പോസ്റ്റ് മോഡേൺ. ഇടതിനെ നന്നാക്കി വികസിപ്പിക്കാൻ വേണ്ടി ഇടതിനെ വിമർശിക്കുന്നവർ. മറ്റൊരർത്ഥത്തിൽ അവരും ഇടതു പക്ഷം തന്നെയാണ്. അങ്ങനെ ആകെ മൊത്തം ഇടതു പക്ഷവും ഇടതുപക്ഷത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്ന വിശാല ഇടതിന്റെ ഭാഗമായ പോമോകളും, സമുദായത്തിന്റെ ചിലവിൽ വന്നു നിരങ്ങുമ്പോൾ ബാക്കിയാവുന്നത് എന്താണ്..?N

ഇടതു പൊതുബോധം നിർമിച്ച ഒരു പൊതുവിന്റെ നിർവചനം ഉണ്ട്, ആ പൊതുവിനെ (മുഖ്യധാരയെ) പൊതുവായി അംഗീകരിക്കില്ല എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോവാൻ ശ്രമിക്കുന്നവരാണ് നമ്മൾ. അതിനിടയിൽ സമുദായത്തിനകത്ത് നിന്ന് വന്ന ദയനീയമായ കുമ്പിടൽ പോലെയായി മാറുകയാണ് പരിപാടി. “ആ പൊതുവാണു ഞങ്ങളുടെ പൊതു” എന്ന് ഉറക്കെ ഏറ്റു പറഞ്ഞു ഏത്തമിടൽ പോലെയാണ് ഇതനുഭവപ്പെടുന്നത്. മാത്രമല്ല, ‘ഇടതു പൊതു ദേവദക്ക്’ അയിത്തം ഉണ്ടാവാതിരിക്കാൻ തലേക്കെട്ട് കാരെ പരമാവദി അടുപ്പിക്കാതെ നോക്കിയിട്ടുമുണ്ട്. ആ പൊതുവിന്റെ മുമ്പിൽ ഇങ്ങനെ കുമ്പിടൽ ഹിമ്മത്തില്ലായ്മയല്ലേ എന്ന് സംഖാടകരെ ഓർമപ്പെടുത്താൻ പരിപാടിക്ക് പോകുന്ന ഓരോരുത്തരും തയാറാവണം.

അടിസ്ഥാനപരമായി‌ ഇതൊരു ലെഫ്റ്റ് ലിബറൽ പരിപാടിയാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. ജമാഅത്ത് സൈദ്ധാന്തികരുടെയും ലെഫ്റ്റ്‌ ലിബറലുകളുടെയും പോമോകളുടെയും ഡോമിനൻസ് ദൃശ്യമാണ്. മാത്രാമല്ല തർക്കുൾ മുവാലാത്ത്‌ പാലിച്ചു മാറ്റി നിർത്തപ്പെടേണ്ട വ്യക്തികളെ icons ആക്കി അവതരിപ്പിച്ചിട്ടുമുണ്ട്.
തീം ഇല്ലാതിരിക്കലും ‘മേൽ പറഞ്ഞ അവരുടെ’ ബാഹുല്യവും കാരണം ‘അവരുടെ’ ഐഡിയോളജി പ്രചാരണമായി മാറും.

ഒരു കാലത്ത് ജമാഅത്ത്കാർ പരീക്ഷിച്ചതാണിതൊക്കെ. അത് തന്നെ എടുത്ത് പുതിയ കുപ്പിയിൽ അവതരിപ്പിക്കപ്പെടുകയാണ്. ജമാഅത്തുകാർക്ക് പോലും തീം ഉണ്ടായിരുന്നു. മാത്രമല്ല ജമാഅത്ത് നടത്തുന്ന പരിപാടിയിൽ ഇതിലേറെ സുന്നികളും സ്വന്തം പണ്ഡിതരും ഉണ്ടാവും.

പാന്റും കളർ ഷർട്ടും ഇട്ട് വന്നാലും വരുന്നതിലെ നല്ലൊരു പങ്കും മത സ്ഥാപനങ്ങളിൽ നിന്ന് ആയിരിക്കും. അവരല്ലാതെ വേറെ ആരാണ് ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കുക. നിരീക്ഷിക്കുന്നവർക്ക് എന്താണ് കിട്ടുക. ഇടത് സൈദ്ധാന്തികരിൽ നിന്നും ജമാഅത്ത് ബുദ്ധിജീവികളിൽ നിന്നും പോമോകളിൽ നിന്നും പതിയെ വിഷം അങ്ങോട്ട് – ആ നിഷ്കളങ്ക ഹൃദയങ്ങളിലേക്ക് ഇറങ്ങും എന്നതാവും ലാഭം.

ആ പൊതുവിലേക്ക് വണ്ടി കേറുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് പൊതുവിന്‌ വ്യക്തമായ ഐഡിയോളജി ഉണ്ട് എന്നതാണ്. ലിബറൽ സെക്കുലർ പുരോഗമന വീക്ഷണങ്ങളിൽ ബേസ്ഡ് ആണത്. അവിടെ സ്വീകാര്യമാവാൻ പോവുമ്പോൾ നീ നന്നായി വിട്ടു വീഴ്ച ചെയ്യേണ്ടി വരും. കൂടുതൽ കൂടുതൽ വിട്ടു വീഴ്ച ചെയ്തു ശേഷം ചെരുപ്പിനൊപ്പിച്ചു കാലു മുറിക്കേണ്ടി വരും. നിന്നെ അവർക്കൊപ്പിച്ചു ചെത്തി ഒപ്പിച്ചു കൊടുക്കേണ്ടി വരും.

ഒരു വശത്ത് കമ്മ്യൂണിസത്തെ എതിർക്കാൻ എന്ന പേരിലുള്ള പ്രകടങ്ങൾ വ്യാപകമാവുമ്പോൾ, മറുവശത്ത് ഇടതു ഐഡിയോളജിയെ പാർട്ടി ബേസ്ഡ് അല്ലാതെ പുൽകുക. അതോടെ കമ്മ്യൂണിസത്തെ എതിർക്കുക എന്ന പേരിൽ നടക്കുന്നത് സിപിഎം എന്ന പാർട്ടിയെ എതിർക്കൽ മാത്രമായി. കൊള്ളൽ കൊടുക്കൽ ആണെങ്കിൽ കുഞ്ഞിക്കണ്ണൻമാരെയും മറ്റും നിരത്തുന്നതിന്റെ കൂടെ രാഹുൽ ഈശ്വറിനെ പോലുള്ള ഒരു വലതുപക്ഷ പ്രധിനിധിയെ കൂടി കാണേണ്ടിയിരുന്നു. അപ്പൊ അതല്ല. ഇത് ഇടതു ഐഡിയോളജി യോട് സമരസപ്പെടൽ ആണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: