സ്വദേശി വനിത ഓടിച്ച വാഹനമിടിച്ച് പരിക്ക്: മലയാളി യുവതിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം

0
2584

കെ എം സി സി യുടെ ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഒമാൻ സുപ്രീം കോടതി വിധി

മസ്ക്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനിക്ക് നഷ്ടപരിഹാരമായി അരക്കോടി ഇന്ത്യൻ രൂപ. മസ്ക്കറ്റ് കെ.എം.സി.സി. മബേല ഏരിയാകമ്മിറ്റിയുടെ ഒന്നര വർഷത്തെ നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് ഒമാൻ സുപ്രീം കോടതി വിധിയിലൂടെ ഇൻഷുറൻസ് തുക നൽകാൻ ഉത്തരവായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോട്ടയം കുമരകം സ്വദേശിനിയും നഴ്‌സിങ് ബിരുദധാരിയുമായ ഷിനുമോൾ മസ്ക്കറ്റ് മബേലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജോലിക്കു വേണ്ടിയാണ് ഒമാനിൽ എത്തിയത്. ഒമാനിലെത്തി ഏഴു മാസം മാത്രം ആയപ്പോഴാണ് സ്വദേശി വനിത ഓടിച്ച വാഹനം ഇടിച്ചത്. 2021 ജൂലൈ എട്ടിനായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ആശുപത്രിക്ക് സമീപമുള്ള എ.ടി.എമ്മിൽ നിന്നും പണം എടുത്തു നാട്ടിലേക്ക് അയക്കാൻ പോയ ഷിനുമോളെ നിയന്ത്രണം തെറ്റിയെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അവരെ റോയൽ ഒമാൻ പോലീസ് ആണ് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുന്നത്.

ആളെ തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ട് അൺ നോൺ എന്നായിരുന്നു ഷിനുമോളുടെ മേൽവിലാസം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ ഇടക്കിടെ കൂടെ പോയിരുന്ന ഷിനുമോളെ ചില മലയാളി ജീവനക്കാർ കണ്ടു പരിചയം പറഞ്ഞെങ്കിലും അവർക്കും അവരുടെ പേര് വിവരങ്ങൾ തിരിച്ചറിയാൻ ആയില്ല. അങ്ങനെയിരിക്കെയാണ് നാട്ടുകാരനായ നാദിർഷ ഷിനുമോളെ അന്വേഷിച്ചു സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രി രേഖകളിലെ അൺ നോൺ എന്ന പേരിൽ നിന്നും ഷിനുമോൾ എന്ന മേൽവിലാസത്തിലേക്ക് അവരെ മാറ്റുന്നത് നാദിർഷ യാണ്.

നാദിർഷയുടെ സുഹൃത്ത് റാഷിദ് അരീക്കോട് വഴിയാണ് സംഭവം മബേല കെ.എം.സി.സിയുടെ ശ്രദ്ധയിൽ എത്തുന്നത്. മബേല കെ.എം.സി.സി. നേതാക്കളായ സലിം അന്നാരയും യാക്കൂബ് തിരൂരും ആണ് ഈ കേസിന്റെ ഉത്തരവാദിത്വം മബേല കെ.എം.സി.സി. വൈസ് പ്രസിഡന്റ് അസ്‌ലം ചീക്കോന്നിന്റെ കൈകളിൽ ഏൽപ്പിക്കുന്നത്. വക്കാലത്തു ഏൽപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്ക് ഷിനുമോളെ നാട്ടിലേക്ക് അയച്ചു. അസ്‌ലം ആണ് തുടർന്നുള്ള കേസുകൾ ഭംഗിയായി കൈകാര്യം ചെയ്തത്.

അഭിഭാഷകനായ അബ്ദുല്ല അൽ ഖാസ്മിയെ ആണ് കേസ് ഏൽപ്പിച്ചത്. വക്കീലിന്റെ മികവും കെ.എം.സി.സി. പ്രവർത്തകരുടെ നിശ്ചയദാര്‍ഢ്യവും ഷിനുമോളുടെ പ്രാർത്ഥനയും ഒത്തുചേർന്നപ്പോൾ വിധി അനുകൂലമായി. മൂന്നു തവണ അപ്പീൽ പോയതിനു ശേഷമാണ് അന്തിമവിധി വന്നത്. അരക്കോടി ഇന്ത്യൻ രൂപയാണ് ഷിനുമോൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതി ഉത്തരവ് നൽകിയത്. ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഒമാനിലെത്തിയ ഷിനുമോൾ നേരിലറിയാത്ത സഹോദരങ്ങളുടെ സ്നേഹവായ്പിനു മുമ്പിൽ വികാരാധീനയായി. കാരുണ്യകരങ്ങൾ നീട്ടിയവർക്ക് നന്ദി പറഞ്ഞു ഷിനുമോൾ നാട്ടിലേക്ക് മടങ്ങി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക