നേരത്തെ മുസ്‌ലിം യുവതിയെ മതംമാറ്റി ഹിന്ദു പേരു നല്‍കി വിവാഹം ചെയ്തയാളുമാണ്
മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവീണിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുസ്‌ലിം യുവതിയെ മതംമാറ്റി ഹിന്ദു പേരു നല്‍കി വിവാഹം ചെയ്തയാളാണെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 21 കാരിയായ യുവതിയെയും അവളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും കൊലപ്പെടുത്തിയതിനു പിന്നില്‍ യുവതിയോടുള്ള അസൂയയും വിരോധവുമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അമിത പൊസസീവ് ചിന്താഗതിക്കാരനായ പ്രവീണിന്റെ അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‘ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ, കൊല്ലപ്പെട്ട അയനാസുമായി അടുത്ത സൗഹൃദം പ്രവീണ്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെ അയനാസ് പ്രവീണുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യത്തിലാണ് അയനാസിനെ കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ പ്രതി ഉഡുപ്പിയില്‍ എത്തിയ’തെന്നാണ് അന്വേഷണസംഘം അറിയിച്ചതെന്ന് കന്നഡ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു മാസത്തോളം മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രവീണ്‍ കുമാര്‍, ആ ജോലി രാജി വച്ച ശേഷമാണ് എയര്‍ ഇന്ത്യയുടെ ഭാഗമായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണ്‍ മംഗളൂരുവിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര സാംഗ്‌ലി സ്വദേശിയായ പ്രവീണ്‍ ചൗഗാലെയെ ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉഡുപ്പിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. വിവരം അറിഞ്ഞ നൂര്‍ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യകര്‍മങ്ങള്‍ക്ക് എത്തിയത്. നാടിനെ നടുക്കിയ കൊലപാതകമായതിനാല്‍ നാട്ടുകാര്‍ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.