2034 ഫിഫ ലോകകപ്പ് സഊദിയിലോ? നീക്കങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഊദിഅറേബ്യ

0
2853

2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റ്ആയിരിക്കുമെന്ന് ഫിഫ

റിയാദ്: 2034 ഫിഫ ലോകകപ്പ് സഊദിയിൽ നടത്താനുള്ള ഒരുക്കങ്ങളും ആഗ്രഹങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ച് സഊദിഅറേബ്യ. സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (SAFF) നേതൃത്വത്തിൽ 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2034 ഫിഫ ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാൻ സഊദി അറേബ്യ നാമനിർദേശം സമർപ്പിക്കുമെന്ന് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.

സർവ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമായാണ് 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ ആഗ്രഹമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

മുൻനിര ഫുട്ബോൾ ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിൽ സഊദി അറേബ്യയുടെ നേട്ടം കുതിക്കുകയാണ്. ആഗോള കായിക മികവിനോടുള്ള പ്രതിബദ്ധത പ്രകടമാക്കി 2023 ഫിഫ ക്ലബ് ലോകകപ്പിനും 2027 എഎഫ്‌സി ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിക്കുന്നതും ചൂണ്ടിക്കാട്ടി സഊദി അറേബ്യ സൂചിപ്പിച്ചു.

2018 മുതൽ 50-ലധികം അന്താരാഷ്ട്ര ഇവന്റുകൾ നടത്തി സഊദി അറേബ്യ ശ്രദ്ധ നേടിയിട്ടുണ്ട്. ഫുട്ബോൾ, മോട്ടോർസ്‌പോർട്‌സ്, ടെന്നീസ്, കുതിരസവാരി, എസ്‌പോർട്‌സ്, ഗോൾഫ് എന്നിങ്ങനെ പുരുഷ-വനിത അത്‌ലറ്റുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി മാറിയതായാണ് വിലയിരുത്തൽ. ആറ് തവണ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ സഊദി അറേബ്യ ഏറ്റവും ഒടുവിൽ 2022 ലെ ലോചകപ്പ് മത്സരത്തിൽ അന്തിമ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ചരിത്ര വിജയം നേടുകയും ചെയ്തിരുന്നു.

King Abdullah International Stadium at King Abdullah Sports City in Jeddah. (@saudiFF)

കായിക മന്ത്രിയും സഊദി അറേബ്യൻ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരനും ലോകക്കപ്പ് സഊദിയിൽ നടത്താനുള്ള ആഗ്രഹം മുന്നോട്ട് വെച്ചു. 2034 ൽ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് ലോക കായികരംഗത്ത് മുൻനിര രാഷ്ട്രമാകാനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും രാജ്യത്തിന്റെ പരിവർത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ചെയ്യുമെന്നും രാജകുമാരൻ പറഞ്ഞു.

സഊദി അറേബ്യ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സമയമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഗെയിമിനോടുള്ള സ്നേഹവും ലോകത്തിന്റെ എല്ലാ കോണിലും അത് വളരുന്നത് കാണാനുള്ള ആഗ്രഹവുമാണ് ഞങ്ങളുടെ നീകത്തിനു പിന്നിലെന്ന് സഊദിഅറേബ്യൻ ഫുട്ബോൾ പ്രസിഡന്റ് യാസർ അൽ മിസ്ഹൽ പറഞ്ഞു.

ജനസംഖ്യയുടെ 70 ശതമാനവും 35 വയസ്സിന് താഴെയുള്ള, ഊർജ്ജസ്വലരായ യുവാക്കളുടെ രാഷ്ട്രമായ സഊദി അറേബ്യ, ഏഷ്യയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ലീഗുകളിലൊന്നായ സഊദി പ്രോ ലീഗിന്റെ (SPL) ആസ്ഥാന രാജ്യം കൂടിയാണ്. 2021 മുതൽ ഫുട്‌ബോൾ പുരുഷ താരങ്ങളുടെ എണ്ണം 50 ശതമാനവും വനിത താരങ്ങളുടെ എണ്ണം 86 ശതമാനവും തോതിൽ വർധിച്ചു. ഫുട്‌ബോൾ പരിശീലകരുടെ എണ്ണം 5500 ലേറെയായി ഉയർന്നു. 2018 ൽ 750 പരിശീലകരാണ് രാജ്യത്തുണ്ടായിരുന്നത്. സഊദിയിലെ വിവിധ പ്രവിശ്യകളിൽ യുവതീയുവാക്കൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന 18 ലേറെ പ്രാദേശിക കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

ഫിഫ ലോകകപ്പിന്റെ ഹോസ്റ്റിംഗ് സംവിധാനം പരിഷ്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ഫിഫ പ്രഖ്യാപിച്ചത്. 2002 ലെ കൊറിയ റിപ്പബ്ലിക്ക്/ജപ്പാൻ എന്നിവിടങ്ങളിലെ ഫിഫ ലോകകപ്പിന് ശേഷവും 2022 ലെ ഖത്തർ ഫിഫ ലോകകപ്പിന് ശേഷവും 2034 ലെ ഫുട്ബോൾമത്സരം ഫിഫ ചരിത്രത്തിൽ മൂന്നാം തവണ ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ഏഷ്യയ്ക്ക് ലഭിക്കുന്നത്.

അതേസമയം, 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റ്ആയിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും മറ്റു മത്സരങ്ങൾ സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലും ആയിരിക്കും നടക്കുക. അടുത്ത വർഷം നടക്കുന്ന ഫിഫ കോൺഗ്രസിൽ തീരുമാനം അംഗീകരിക്കും.