കരിപ്പൂരിലേക്ക് സഊദിയിൽ നിന്ന് പ്രതിദിന സർവ്വീസുമായി ഫ്ലൈ നാസ്; വിവിധ നഗരികളിൽ നിന്ന് കണക്ഷൻ സർവ്വീസുകൾ

0
4208

റിയാദ്: മലബാർ പ്രവാസികളുടെ ആശാ കേന്ദ്രമായ കരിപൂർ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ ആറു സർവീസുമായി ഫ്ലൈ നാസ്. നിലവിലെ അവരുടെ സർവ്വീസുകൾ വിപുലീകരിച്ചാണ് ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും സർവ്വീസ് നടത്തുന്നത്. ഒക്‌ടോബർ ഒന്ന് മുതൽ ബുധൻ ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും സഊദിക്കും കരിപ്പൂരിനും ഇടയിൽ സർവ്വീസ് നടത്താനാണ് സഊദിയിലെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ നാസ് ഒരുങ്ങുന്നത്.

റിയാദ്‌ – കോഴിക്കോട് – റിയാദ്‌ റൂട്ടിൽ നിലവിൽ ആഴ്ചയിൽ 4 വീതം സർവീസുകളാണ് ഉള്ളത്. ഇതാണ് ആറ് സർവീസ് ആക്കി ഉയർത്തുന്നത്. ഈ സർവീസ് ഉപയോഗപ്പെടുത്തി സഊദിയിലെ ജിദ്ദ, അബഹ, നജ്‌റാൻ, ജിസാൻ, ദമാം, തബൂക് തുടങ്ങിയ മറ്റു നഗരങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.

കൊവിഡിനെ തുടർന്ന് 2019 ഫെബ്രുവരി 13 ന് നിർത്തിവെച്ച സർവ്വീസുകൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവീസുകളായാണ് ഫ്‌ളൈ നാസ് കോഴിക്കോട്-റിയാദ് സെക്റ്ററിൽ സർവീസുകൾ തുടങ്ങിയിരുന്നത്.

റിയാദിൽ നിന്ന് അർധരാത്രി 00:05 നു പറന്നുയരുന്ന വിമാനം രാവിലെ 07:30 നു കോഴിക്കോട് ഇറങ്ങും. കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങുന്നതിനു ഫ്‌ളൈ നാസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. www.flynas.com

കരിപ്പൂരിലെ റൺവെ പണികൾ പൂർത്തീകരിക്കുകയും 24 മണിക്കൂറും വിമാനങ്ങൾക്ക് ഇറങ്ങാൻ സാഹചര്യം ഒരുങ്ങുകയും ചെയ്തതോടെ കൂടുതൽ വിമാനങ്ങൾ കരിപ്പൂറിലേക് എത്തുമെന്നാണ് കരുതുന്നത്. ഒമാനിലെ ബജറ്റ് എയർ ആയ സലാം എയറും പ്രതിദിന സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ എത്തുന്നത്തോടെ ഗൾഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.