സഊദി പ്രവാസികൾക്ക് ആശ്വാസമായി കരിപ്പൂരിൽ നിന്ന് ഫ്ലൈ നാസ് സർവ്വീസ് തുടങ്ങി, ആദ്യ സർവ്വീസിന് വാട്ടർ സല്യൂട്ട് സ്വീകരണം

0
4821

കരിപ്പൂർ: കോഴിക്കോട് നിന്നും എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സഊദി അറേബ്യയിലേക്ക് ഫ്ലൈ നാസ് സര്‍വീസിന് തുടക്കമായി. ഇന്ന് മുതലാണ് കരിപ്പൂര്‍- റിയാദ് സെക്റ്ററിൽ വിമാനം സര്‍വീസ് തുടങ്ങിയത്. സഊദി പ്രവാസികൾക് ഏറെ ആശ്വാസമായാണ് പുതിയ സർവ്വീസുകൾക്ക് തുടക്കമായത്. റിയാദില്‍നിന്ന് 86 യാത്രക്കാരുമായാണ് രാവിലെ 7.26ന് ആദ്യ വിമാനം കരിപ്പൂരിലെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ആദ്യ സർവ്വീസിന് ഗംഭീര സ്വീകരണമാണ് എയര്‍പോര്‍ട്ട് അതോറിറ്റി നൽകിയത്. ആദ്യ സർവ്വീസിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരണം ഒരുക്കിയത്. കരിപ്പൂരില്‍ നിന്ന് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 179 യാത്രക്കാരുമായാണ് വിമാനം റിയാദിലേക്ക് തിരിച്ചു പറന്നത്. ഇത്രയും ആളുകൾക് യാത്ര ചെയ്യാവുന്ന എ 320 നിയോ വിമാനമാണ് സർവ്വീസ് നടത്തുക.

കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗം വിളക്ക് തെളിയിച്ചു. ഫ്ലൈ നാസ് എയര്‍പോര്‍ട്ട് മാനേജര്‍ കെ.പി. ഹാനി, ഫ്ലൈ നാസ് സെക്യൂരിറ്റി ഓഫീസര്‍ മബൂദ്, എ.ഐ.ടി.എസ്.എല്‍, എയര്‍ഇന്ത്യ, ടെര്‍മിനല്‍, സി.ഐ.എസ്.എഫ് ഡ്യൂട്ടി ഓഫിസര്‍മാർ സംബന്ധിച്ചു. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളിലാണ് വിമാനം റിയാദിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്‌ളൈ നാസ് കോഴിക്കോട്-റിയാദ് സെക്റ്ററിൽ നടത്തുക. കൊവിഡിനെ തുടർന്ന് 2019 ഫെബ്രുവരി 13 ന് നിർത്തിവെച്ച സർവ്വീസുകളാണ് പുനഃരാരംഭിക്കുന്നത്. നേരത്തെ, ജനുവരി പതിനൊന്ന് മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് സർവ്വീസുകൾ തുടങ്ങാൻ സാധിച്ചിരുന്നില്ല.

റിയാദിൽ നിന്ന് അർധരാത്രി 00:05 നു പറന്നുയരുന്ന വിമാനം രാവിലെ 07:30 നു കോഴിക്കോട് ഇറങ്ങും. കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. കോഴിക്കോട് നിന്നും സഊദിയിലേക്ക് 1,543 റിയാലും റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 595 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മാർച്ച് 25 വരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങുന്നതിനു ഫ്‌ളൈ നാസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വാട്ടർ സല്യൂട്ട് സ്വീകരണ വീഡിയോ കാണാം👇

 

എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് ഫ്‌ളൈ നാസ് ഫെബ്രുവരി എട്ട് മുതൽ, ഓൺലൈൻ ബുക്കിങ് തുടങ്ങി

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup