ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ സഊദിയിലെ അൽ ഹിലാലിലേക്കൊ ? ; 300 മില്യൺ യൂറോയുടെ റെക്കോർഡ് ഓഫർ നൽകിയതായി സൂചന

0
916

റിയാദ്: ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ സഊദിയിലെ അൽ ഹിലാൽ ക്ലബിൽ
ഉൾപ്പെടുത്താൻ 300 മില്യൺ യൂറോയുടെ റെക്കോർഡ് ഓഫർ നൽകിയതായി ജർമ്മൻ വാർത്താ ഏജൻസി വെളിപ്പെടുത്തി.
സൗദിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വെച്ച 300 ദശലക്ഷം യൂറോയുടെ ഓഫർ അംഗീകരിച്ചതായി പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഫുട്ബാൾ ചരിത്രത്തിലെ തന്നെ വലിയ ഓഫറാണ് ഇത്. ഈ വർഷം കൂടി പി.എസ്.ജിയിൽ തുടരാനായിരുന്നു എംബാപ്പെയുടെ നീക്കം. എന്നാൽ, കരാർ നീട്ടുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന് പി.എസ്.ജി മാനേജ്മെന്റ് അന്ത്യശാസനം നൽകിയിരുന്നു.

കഴിഞ്ഞദിവസം ജപ്പാന്‍, ദക്ഷിണ കൊറിയ പ്രീസീസണ്‍ ടൂര്‍ നടത്തുന്ന ടീമില്‍ എംബാപ്പെയെ പിഎസ്ജി ഉള്‍പ്പെടുത്താത്തത് താരവും ക്ലബ്ബും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ഭാഗമാണെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.

2017ൽ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോൾ നേടിയിട്ടുണ്ട്. ലോകകപ്പില്‍ അവിശ്വസനീയ പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ താരമായിരുന്നു എംബാപ്പെ. എംബാപ്പെയും സൗദിയിലേക്ക് വരികയാണെങ്കിൽ സൗദി ലീഗ് മത്സരങ്ങൾ തീ പാറും.