ഇവിടെ കാരക്ക മാത്രല്ല…. നല്ല ഒന്നാന്തരം മാങ്ങയും സുലഭം; മധുരപ്രിയരെ ആകർഷിച്ച് സഊദിയിൽ ഒരാഴ്ച നീളുന്ന മാമ്പഴ മേളക്ക് തുടക്കമായി

0
3492

“വ്യത്യസ്തമായ 20 ഇനം മാങ്ങകളാണ് വിളവെടുക്കുന്നതും വിപണിയിലെത്തിക്കുന്നതും”

റിയാദ്: മധുരപ്രിയരെ ആകർഷിച്ച് സഊദിയിൽ ഒരു വാരം നീളുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾ തുടക്കമായി. ഈന്തപ്പഴ കൃഷിയും മധുരനാരങ്ങാ കൃഷിയും കഴിഞ്ഞാൽ സഊദിയിൽ ഏറ്റവും കൂടുതലുള്ള പ്രധാനപ്പെട്ട മൂന്നാമത്തെ കാർഷിക ഫല ഉൽപന്നമാണ് മാമ്പഴം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് രാജ്യത്ത് മാമ്പഴ ഉൽപാദന, വിളവെടുപ്പ് , വിപണി സീസൺ. ഈ കാലയളവിൽ അവായിസ്, സുക്കാരി, ടോമി അറ്റികിൻസ് എന്നിവയുൾപ്പെടെ വ്യത്യസ്തമായ 20 ഇനം മാങ്ങകളാണ്  വിളവെടുക്കുന്നതും വിപണിയിലെത്തിക്കുന്നതും.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള റോയൽ കമ്മീഷൻ ഫോർ അൽഉല സംരംഭത്തിന്റെ ഭാഗമാണ് അൽഉലയിലെ അൽ മൻഷിയ ഫാർമേഴ്‌സ് മാർക്കറ്റിൽ ദിവസവും വൈകിട്ട് 7 മുതൽ 11 വരെ നടക്കുന്ന മാമ്പഴ വിപണി. സഊദിയുടെ  വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽഉല ഗവർണറേറ്റ് മാന്തോപ്പുകളുടെ അനേക  ഫാമുകളുടെ കേന്ദ്രമാണ്. കൂടാതെ ഓറഞ്ച്, മധുര നാരങ്ങ, നാരങ്ങ, ടാംഗറിൻ, മാതളനാരകം, മുന്തിരി എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്.

തിങ്കളാഴ്ച ആരംഭിച്ച അൽഉലയിലെ മാമ്പഴ വാരാഘോഷം ഉംലുജിൽ നടക്കുന്ന സമാനമായ ഉത്സവത്തോടനുബന്ധിച്ചാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ തബൂക്ക് റീജിയണൽ ബ്യൂറോ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഉംലുജ് പരിപാടിയിൽ 24 മാമ്പഴ കർഷകർ ദിവസവും വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രദർശനം നടത്തും. 

അൽഉലയിലെ മാമ്പഴ കൃഷി 255 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ്. പ്രതിവർഷം 1,600 ടൺ മാങ്ങായാണ് ഇവിടെ നിന്ന് മാത്രം ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഇറക്കുമതി ചെയ്ത നിരവധി ഇനം മാമ്പഴങ്ങളും നന്നായി വിളവെടുക്കുന്നുണ്ട്. ജിസാനിലെ കർഷകർ വർഷങ്ങളായി മാമ്പഴ കൃഷി ചെയ്യുന്നുണ്ട്. നിലവിൽ രാജ്യത്തെ മാമ്പഴ ഉൽപ്പാദനം പ്രതിവർഷം 88,600 ടണ്ണായി വർധിച്ച് 60 ശതമാനം സ്വയംപര്യാപ്തതയിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഉൽപാദനം വർധിപ്പിക്കുന്നതിനായി  6,880 ഹെക്ടറിലധികം സ്ഥലത്ത് നട്ടുപിടിപ്പിച്ച്  മാമ്പഴ വിളകൾ കൃഷി ചെയ്തുവരുന്നു. സീസണൽ ഫലവിളകൾ രാജ്യത്തിന്റെ ഒന്നിലധികം കൃഷിയിടങ്ങളിൽ വളരുന്നു. സ്വബിയ, അബു അരിഷ്, അൽ ദർബ്, സ്വംത, ബീഷ ഗവർണറേറ്റുകളിലും മക്ക മേഖലയിലെ അൽ കുൻഫദ ഗവർണറേറ്റിലുമാണ് പഴവർഗ, കാർഷികമേഖല ശ്രദ്ധേയമായിരിക്കുന്നത്.

അസീർ, നജ്‌റാൻ, മദീന, കിഴക്കൻ മേഖല എന്നിവയ്‌ക്ക് പുറമെ അൽ മഖ്‌വ, ഖിൽവ നഗരങ്ങളിലും മാമ്പഴം വലിയ തോതിൽ കൃഷിചെയ്യുന്നു. കൂടാതെ, മാമ്പഴ ഫാമുകളുടെ എണ്ണം 19,100 കവിഞ്ഞു. ഒരു ദശലക്ഷം മാമ്പഴ മരങ്ങളും 65,000 ടണ്ണിലധികം വാർഷിക ഉൽപാദനവും നടക്കുന്നുണ്ട്. ഖുൻഫാദയിലുള്ള 2,700-ലേറെ ഫാമുകളിലെ 400,000 മരങ്ങളും 40,000 ടണ്ണിലധികം വാർഷിക വിളവുമാണ് രാജ്യത്തിന് ലഭിക്കുന്നത്. 30,000 ലേറെ മാവുകളും 600 ടണ്ണിലധികം വാർഷിക ഉൽപാദനവുമുള്ള രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ ഫാമുകളിൽ ഒന്നാണ് സബ്യ.

വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി മാമ്പഴത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ കൈവരിക്കാനും കൃഷിയുടെ തോത് ഉയർത്താനും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഉത്സുകരാണ്. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കൃഷികൾ വ്യാപകമാക്കുകയാണ് സഊദി അറേബ്യ.