വഴിയിൽനിന്ന് കിട്ടിയ 18,000 ദിർഹം ഉടമയ്ക്ക് തിരിച്ചുനൽകി; അഭിമാനമായി പ്രവാസി മലയാളി

0
2495

ഷാർജ: വഴിയിൽനിന്ന് കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകിയ കണ്ണൂർ സ്വദേശി മാതൃകയായി. ദുബൈ റാസൽഖോറിൽ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്ന കണ്ണൂർ അഞ്ചരക്കണ്ടി മുഴപ്പാല സ്വദേശി റിജേഷ് സി.പി. (40) ആണ് വഴിയിൽനിന്നും കിട്ടിയ പേഴ്സ് ഉടമയായ പാകിസ്താൻ സ്വദേശി അബ്ദുൽവഹാബിന് തിരിച്ചുനൽകിയത്.

പേഴ്സിൽ 18,000 ദിർഹം (നാലുലക്ഷംരൂപ) എ.ടി.എം. കാർഡ്, എമിറേറ്റ്‌സ് ഐ.ഡി., ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകളുണ്ടായതായി റിജേഷ് പറഞ്ഞു. ജോലികഴിഞ്ഞ് വൈകീട്ട് നടക്കാനിറങ്ങിയതായിരുന്നു റിജേഷ്. അപ്പോഴാണ് വഴിയിൽ പേഴ്സ് കണ്ടത്. പേഴ്സിൽ അബ്ദുൽ വഹാബിന്റെ മൊബൈൽനമ്പർ ഉണ്ടായിരുന്നു.

റിജേഷ്, അബ്ദുൽ വഹാബ്

വാട്‌സാപ്പിൽ സന്ദേശമയച്ചു. അങ്ങിനെയാണ് പേഴ്സിന്റെ ഉടമയെ റിജേഷ് കണ്ടെത്തിയത്. ബൈക്കിൽ ആഹാരം ഡെലിവറി ചെയ്യുന്നതിനിടയിൽ പേഴ്സ് നഷ്ടപ്പെടുകയായിരുന്നെന്ന് അബ്ദുൽവഹാബ് റിജേഷിനോട് പറഞ്ഞു. സഹോദരനുമായി ബിസിനസ് തുടങ്ങാൻ സൂക്ഷിച്ചിരുന്ന പണമായിരുന്നു തിരിച്ചുകിട്ടിയതെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. അഞ്ചുവർഷം ഖത്തറിലും ഒരുവർഷമായി ദുബായിലും ജോലിചെയ്യുകയാണ് റിജേഷ്.