Friday, 19 April - 2024

ജനാധിപത്യം ഇരുട്ടിലായ നാളുകള്‍; കടുത്ത ജയില്‍ പീഡനങ്ങള്‍, മാധ്യമ സെന്‍സര്‍ഷിപ്പ്, മനുഷ്യാവകാശ ധ്വംസനങ്ങള്‍; അടിയന്തരാവസ്ഥക്കാലത്തെ ഓര്‍ക്കുമ്പോള്‍…

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 48-ാം വാര്‍ഷികമാണ് ഇന്ന്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. രാജ്യത്തുണ്ടാകുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളോ ബാഹ്യാക്രമണമോ ആക്രമണഭീഷണിയോ നേരിടാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമെന്ന് അടിയന്തരാവസ്ഥയെ ഒറ്റവാചകത്തില്‍ നിര്‍വ്വചിക്കാമെങ്കിലും ഒരു തലമുറയുടെ മനസില്‍ വീഴ്ത്തിയ കറുത്ത പാടുകളായായിരിക്കും ഭാവിയില്‍ ഇത് വിലയിരുത്തപ്പെടുക. 1975 ജൂണ്‍ 25നും 1977 മാര്‍ച്ച് 21നും ഇടയിലുള്ള 21 മാസങ്ങളാണ് ‘അടിയന്തരാവസ്ഥ’ എന്ന ഒരൊറ്റവാക്കില്‍ നമ്മള്‍ ഒതുക്കി വയ്ക്കുന്നത്.

ഭരണഘടനയുടെ 352 (1) വകുപ്പുപ്രകാരം ഇതുവരെ മൂന്നുതവണ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1962 ല്‍ ചൈനയുടെ ആക്രമത്തെതുടര്‍ന്നായിരുന്നു ആദ്യത്തേത്.പാകിസ്ഥാന്‍റെ ആക്രമണത്തെ തുടര്‍ന്ന് 1971 ല്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് നിലവിലിരിക്കെയാണ് – ആഭ്യന്തര കുഴപ്പങ്ങള്‍ വഴി ഇന്ത്യയുടെ സുരക്ഷിതത്വത്തെ ഭീഷണിപ്പെടുത്തുന്ന ഗുരുതരമായ അടിയന്തരാവസ്ഥ നിലവിലുണ്ടെന്ന് 1975 ജൂണ്‍ 25ന് രാഷ്ട്രപതി ഫക്രുദിന്‍ അലി അഹമ്മദ് പ്രഖ്യാപിച്ചത്.
ഡല്‍ഹിയിലെ മുഴുവന്‍ പത്രസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. അച്ചടിച്ച പത്രങ്ങള്‍ പുലര്‍ച്ചെ പൊലീസെത്തി കണ്ടുകെട്ടി. പത്രങ്ങള്‍ക്ക് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തി. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിരാഗാന്ധി എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമായി. തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങള്‍ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറുമാസം കൂടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തു കൊണ്ടിരുന്നു.

രാജ്യത്താകമാനം പ്രതിപക്ഷനേതാക്കളെ വേട്ടയാടി ജയിലിലിട്ടു. ആ ഇരുണ്ടനാളുകളില്‍ കേരളത്തില്‍ സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയും. കോഴിക്കോട് റിജീനല്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ അക്കാലത്തെ ഭരണകൂട ഭീകരതയുടെ അറിയപ്പെടുന്ന രക്ഷസാക്ഷിയാണ്. 800 ലധികം പേര്‍ അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ ജയിലുകളില്‍ അതിക്രൂരപീഢനങ്ങള്‍ക്കിരയായിയെന്ന് ജസ്റ്റിസ് ജെ. സി. ഷാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും ഇന്ദിര കസ്റ്റഡിയിലെടുത്തു. വിജയരാജേ സിന്ധ്യ, ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍സിങ്, ജീവത് രാം കൃപലാനി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ് , ലാല്‍ കൃഷ്ണ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിങ്ങനെ പലരും അറസ്റ്റിലായി. ആര്‍എസ്എസും ജമായത്തെ ഇസ്ലാമിയും അടക്കമുള്ള പല സംഘടനകളും രാജ്യത്ത് നിരോധിക്കപ്പെട്ടു. അക്കാലത്തുതന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരായ ബറോഡാ ഡയനാമൈറ്റ് കേസ്, കേരളത്തെ നടുക്കിയ രാജന്‍ ഉരുട്ടിക്കൊലക്കേസ് ഒക്കെ നടക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടിട്ടുണ്ടായിരുന്നു.
പ്രതിസന്ധിഘട്ടത്തിലും അന്നത്തെ ഇന്ത്യന്‍ യൗവനം കാഴ്ച്ചക്കാരായി നിന്നില്ല, തെരുവുകളില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ന്നു. ഒടുവില്‍, 1977 ല്‍ ഇന്ദിരഗാന്ധി തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റി പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, വ്യാപകമായ അറസ്റ്റുകള്‍ നടന്നു, തീവ്ര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിഷേധിച്ചു. അടിയന്തരാവസ്ഥയുടെ നര്‍ത്തനവേദിയില്‍ ചവിട്ടിയരയ്ക്കപ്പെട്ടത് ഒരു ജനതയുടെ സ്വാതന്ത്ര്യവും സ്വത്വവുമായിരുന്നു. കേരളത്തെ നടക്കിയ കക്കയം ക്യാമ്പും രാജന്‍റെ തിരോധാനവും ഈകാലഘട്ടത്തിലാണ് നടന്നത്. കേരളത്തില്‍ ഒരു സര്‍ക്കാര്‍ തന്നെ നിലംപതിച്ചു.
——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Most Popular

error: