വൈകിച്ചത് ചില ‘സാമൂഹ്യപ്രവർത്തകരുടെ’ അനാവശ്യ ഇടപെടൽ
ജിസാൻ: കഴിഞ്ഞ ദിവസത്തെ കോഴിക്കോട് – റിയാദ് ഫ്ളൈ നാസ് വിമാനയാത്രക്കിടെ നഷ്ടമായ പാസ്പോർട്ട് റിയാദിൽ എത്തിച്ചു നൽകി. അതേ വിമാനത്തിൽ ജീസാനിലേക്ക് യാത്ര ചെയ്ത കോഴിക്കോട് വേളം സ്വദേശി അനസിന്റെ ബാഗിൽ പെട്ടുപോയ പാസ്പോർട്ട്, ഐ സി എഫ് റിയാദിന്റെ സാന്ത്വനം വിഭാഗം വളണ്ടിയർ വിംഗ് ആണ് റിയാദിൽ എത്തിക്കാനുള്ള കോർഡിനേഷൻ നടത്തിയത്. യാത്രക്കിടെ പാസ്‌പോർട്ടിന്റെ ഉടമയായ ചാലിൽ മുഹമ്മദ് അദ്ദേഹത്തിന്റെതെന്ന് കരുതി അനസിന്റെ ബേഗിൽ പാസ്പോർട്ട് മാറി വെക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിസാനിലേക്കുള്ള വിമാനവും കാത്ത് റിയാദ് വിമാനത്താവളത്തിൽ പത്തു മണിക്കൂറോളം ഉണ്ടായിരുന്ന അനസ് ഇതൊന്നും അറിഞ്ഞിരുന്നില്ല. പാസ്പോർട്ട് ഉടമയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന അനസിന്റെ ബേഗിൽ ഇതുണ്ടാകാനുള്ള സാധ്യത മനസിലാക്കി സാമൂഹിക പ്രവർത്തകർ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് അനസിന്റെ നമ്പർ സംഘടിപ്പിച്ചു ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, മൊബൈൽ ഫോണിൽ ബാറ്ററി തീർന്നതിനാൽ ഇതിന് സാധ്യമായില്ല. ആഭ്യന്തര എയർപോർട്ടിൽ അദ്ദേഹം ഉണ്ടായിരുന്ന കാര്യം ആരുടെയും ശ്രദ്ധയിലും വന്നില്ല.
ജിസാനിലെ റൂമിൽ എത്തി ബാഗ് തുറന്ന് നോക്കിയപ്പോൾ ആണ് പാസ്‌പോർട്ടും ഒരു ചാർജറും അധികമായി തന്റെ ബാഗിൽ ഉള്ളതായി അനസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതിനിടയിൽ പാസ്പോർട്ട് നഷ്ടമായി മലയാളി റിയാദ് എയർപോർട്ടിൽ കുടുങ്ങിയ വിവരം മലയാളം പ്രസ്സ് വാർത്ത പുറത്തു വരികയും വിവരം സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ഐ സി എഫ് നാഷണൽ വെൽഫെയർ സെക്രട്ടറി, ഐ സീ എഫ് റിയാദ് വെൽഫെയർ സെക്രട്ടറിയെ വിവരമറിയിച്ചു. തുടക്കം മുതൽ സഹായവുമായി രംഗത്തുണ്ടായിരുന്ന സിദ്ധീഖ് തൂവൂരിനെ ബന്ധപ്പെട്ട് പാസ്പോർട്ട് റിയാദിലേക്ക് എത്തിക്കാനുള്ള ശ്രമമായി.
ഇതിന്റെ ഭാഗമായി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പാസ്പോർട്ട് റിയാദിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങൾ ഗഫൂർ എന്നയാൾ ഏർപ്പാടാക്കി. ഇതിനിടെ, അനസിൽ നിന്ന് പാസ്പോർട്ട് ഗഫൂറിന് എത്തിച്ചു നൽകാൻ വേണ്ടി ബാവ ഗൂഡലൂർ എന്നവർ വാങ്ങി പോയെങ്കിലും അവർക്ക് സമയത്തിന് ഏയർപോർട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇടക്ക് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയത് ആശങ്കയും പരത്തി. ആശങ്കക്കൊടുവിൽ പാസ്പോർട്ട് പതിനൊന്ന് മണിക്ക് ജിസാൻ എയർപോർട്ടിൽ എത്തിച്ചുവെങ്കിലും വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു. തുടർന്ന് മൂന്ന് മണിക്ക് വന്ന വിമാനത്തിലാണ് പാസ്പോർട്ട് റിയാദിൽ എത്തിച്ചു നൽകിയത്.
അതിനിടെ, പാസ്സ്പോർട്ട് എത്തിക്കുന്നതിലും റിയാദിൽ എത്തിട്ടും പാസ്സ്പോർട്ട് ഉടമക്ക് കൈമാറുന്നതിലും താമസം നേരിട്ടു. പബ്ലിസിറ്റി മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ചിലരുടെ ഇടപെടലാണ് ഈ താമസം ഉണ്ടാകാൻ കാരണം എന്നാണറിയാൻ കഴിയുന്നത്. ജിസാനിൽ നിന്ന് അപ്രതീക്ഷിതമായി മറ്റൊരാൾ പാസ്സ്പോർട്ട് കൈവശം വാങ്ങി റിയാദിലേക്ക് എത്തിക്കാൻ ശ്രമം നടന്നതും റിയാദിൽ എത്തിയ പാസ്സ്പോർട്ട് കൈമാറാൻ നേരം വൈകിയതും എല്ലാം ചിലരുടെ നാടകീയ നീക്കങ്ങൾ ആയിരുന്നു. ഇത്തരം കിടമത്സരങ്ങൾ സാമൂഹിക പ്രവർത്തകർക്ക് ഇടയിൽ ഈയിടെയായി വർദ്ധിച്ചു വരുന്നുണ്ട്.
ചില സാമൂഹ്യ പ്രവർത്തകരുടെ അനാവശ്യ ഇടപെടൽ പാസ്സ്പോർട്ട് എത്തിക്കാൻ വൈകിയെന്ന് ഈ വിഷയത്തിൽ സജീവമായി തുടക്കം മുതൽ ഇടപെടുകയും യുവാവിനെ ഇറക്കാൻ ശ്രമം നടത്തുകയും ചെയ്ത സിദ്ധീഖ് തുവ്വൂർ തന്നെ വെളിപ്പെടുത്തി. ചില സാമൂഹ്യ പ്രവർത്തകരുടെ അനാവശ്യ ഇടപെടൽ ജീസാനിൽ നിന്ന് 11:45 ന് പുറപ്പെടേണ്ട വിമാനത്തിൽ പാസ്സ്പോർട്ട് വിടാനായില്ലെന്നും അതിനാൽ തന്നെ, മലയാളി സഹോദരൻ ഇനിയും മണിക്കൂറുകൾ എയർപോർട്ടിൽ കഴിയേണ്ടി വരുമെന്നും സിദ്ധീഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും ഒന്നര ദിവസത്തെ അന്വേഷണങ്ങൾക്കും മറ്റും ഒടുവിൽ പ്രശ്നത്തിന് പരിഹാരം ആയിരിക്കുകയാണ്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




