പ്രവർത്തന ചിലവുകൾ കൂടി വരുമാനം കുറഞ്ഞു; അൽവതനിയ ഡിസ്ട്രിബ്യൂഷൻ കമ്പനി പത്രങ്ങൾ വിതരണം ചെയ്യുന്നത് നിർത്തുന്നു

0
1270

ജിദ്ദ: ഈദുൽ ഫിത്‌റിനു ശേഷം പത്രങ്ങൾ വിതരണം ചെയ്യുന്നത് നിർത്താൻ ആലോചിക്കുന്നതായി അൽവതനിയ ഡിസ്ട്രിബ്യൂഷൻ കമ്പനി.

പ്രവർത്തന ചെലവുകൾ കൂടിയതും വരുമാനം കുറഞ്ഞതുമാണ് പത്രവിതരണം നിർത്താൻ പ്രേരകമെന്ന് അൽവതനിയ ഡിസ്ട്രിബ്യൂഷൻ കമ്പനി ചെയർമാൻ മുവഫഖ് അൽനുവൈസിർ പറഞ്ഞു.
പരമ്പരാഗത പത്രവായന ശൈലിയിൽ നിന്ന് നിരവധി വായനക്കാർ പിന്തിരിഞ്ഞതും വാർത്തകൾക്ക് ആപ്പുകളും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളും അവലംബിക്കാൻ തുടങ്ങിയതുമാണ് വിതരണം കുറയാൻ കാരണം.

പത്രങ്ങൾ വിതരണം ചെയ്യുന്ന വകയിലെ അൽവതനിയ ഡിസ്ട്രിബ്യൂഷൻ കമ്പനിക്കുള്ള പണം വ്യവസ്ഥാപിതമായി അടക്കാൻ പല പത്രങ്ങൾക്കും സാധിക്കുന്നില്ല. പ്രവർത്തന ചെലവ് ഉയർന്നത് പത്രങ്ങളുടെ സാമ്പത്തിക നിലയെ ബാധിച്ചു.
അൽവതനിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

സർക്കാർ വകുപ്പുകളിൽ നിന്ന് കമ്പനിക്കുള്ള സേവനങ്ങൾ നിർത്തിവെക്കൽ, ജീവനക്കാരുടെ ഇഖാമകളും വർക്ക് പെർമിറ്റുകളും പുതുക്കാൻ കഴിയാതിരിക്കൽ, ബില്ലുകൾ അടക്കാതെ കുമിഞ്ഞുകൂടിയതിനാൽ കമ്പനിയുടെ മെയിൻ ആസ്ഥാനത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കൽ എന്നീ പ്രശ്‌നങ്ങൾ കമ്പനി നേരിടുന്നു.
ഭൂരിഭാഗം പത്രങ്ങൾക്കും ഓൺലൈനിൽ വലിയ പ്രചാരമുണ്ട്.