ടോക്കിയോ: വിമാനക്കമ്പനിക്കു സംഭവിച്ച പിഴവിൽ 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ജപ്പാനിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്.
ഓൾ നിപ്പോൺ എയർവെയ്സ് (എഎൻഎ) ആണ് ജക്കാർത്തയിൽ നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോർക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.
ഒരു യാത്രക്കാരൻ ജക്കാർത്തയിൽ നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര െചയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയിൽ ഈ ടിക്കറ്റുകൾക്ക് 6.8 ലക്ഷം മുതൽ 8.5 ലക്ഷം വരെയാണ് ചാർജ് ഈടാക്കുന്നത്.
അതേസമയം, എയർലൈനിന്റെ വിയറ്റ്നാം വെബ്സൈറ്റിൽ കറൻസി കൈമാറ്റം നടത്തിയപ്പോൾ മൂല്യനിർണയത്തിൽ വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാൻ കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. എത്ര യാത്രക്കാർക്ക് ഇത്തരത്തിൽ നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാൻ കമ്പനി തയാറായില്ല.




