റിയാദ്: സഊദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും അംബാസഡർമാരെ കൈമാറാനും സമ്മതിച്ചതായി സഊദി ഔദ്യോഗിക പ്രസ് ഏജൻസി (എസ്‌പിഎ) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയുടെ മാധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ് തീരുമാനം
“സഊദി അറേബ്യയും ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള നല്ല അയൽ രാഷ്ട്ര ബന്ധം വികസിപ്പിക്കുന്നതിനുള്ള ചൈനയുടെ പിന്തുണയുടെ ഭാഗമായാണ് പുതിയ തീരുമാനം. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇടപെടലാണ് ശത്രുക്കളായി നിന്നിരുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ മഞ്ഞുരുക്കത്തിനു കാരണമായത്. ഇതിന്റെ ഭാഗമായി ഇറാൻ, സഊദി അറേബ്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രിരാഷ്ട്ര കരാർ പ്രഖ്യാപിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സഊദി അറേബ്യയും ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും രണ്ട് മാസത്തിൽനുള്ളിൽ അവരുടെ എംബസികളും ദൗത്യങ്ങളും പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനങ്ങളും കരാറിലുണ്ട്, ഇരു രാജ്യങ്ങളുടെയും പരമാധികാരത്തോടുള്ള ബഹുമാനം നില നിർത്തുമെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുമെന്നും കരാറിൽ ഉൾപ്പെട്ടതായി വാർത്താ ഏജൻസി പ്രസ്താവനയിൽ പറയുന്നു.
കരാർ നടപ്പാക്കാനും തങ്ങളുടെ സ്ഥാനപതികളെ തിരികെ കൊണ്ടുവരാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനും ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ യോഗം ചേരുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. 2021-2022 കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് സഊദിയും ഇറാനും ഇറാഖിനോടും ഒമാനോടും അഭിനന്ദനവും നന്ദിയും അറിയിച്ചു.ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും സ്പോൺസർ ചെയ്തതിനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ നേതൃത്വത്തിനും സർക്കാരിനും ഇരുപക്ഷവും തങ്ങളുടെ അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചു.