സഊദിയിലേക്കുള്ള ഫാമിലി വിസ അടക്കമുള്ള വിസകൾ സ്റ്റാംപ് ചെയ്യുന്നതിൽ താത്കാലിക പ്രതിസന്ധി; ഇന്ത്യയിലെ സഊദി കോൺസുലേറ്റിൽ നിന്നും പാസ്‌പോർട്ടുകൾ തിരിച്ചയക്കുന്നു

0
7165

പ്രതിസന്ധി എല്ലാ വിധത്തിലുള്ള വിസകൾക്കും, പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് സൂചന

മുംബൈ: ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാംപ് ചെയ്യുന്നതിൽ പ്രതിസന്ധി. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി പരാതി. ഈ പാസ്‌പോർട്ടുകൾ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കാനാണ് സഊദി കോൺസുലേറ്റ് അധികൃതർ നിർദ്ദേശിക്കുന്നത്. അതേസമയം, വിസ സ്റ്റാംപ് ചെയ്യാതിരിക്കാനുള്ള കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സിസ്റ്റത്തിൽ വിസ ഇഷ്യു ചെയ്യുന്നുവെങ്കിലും പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഉടൻ ഇതിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രാവൽസ് ഏജൻസികൾ. തൊഴിൽ വിസ ഉൾപ്പെടെയുള്ള മുഴുവൻ വിസകൾക്കും ഇതേ പ്രശ്നം നേരിടുന്നതായും ഏജൻസി മലയാളംപ്രസ്സിനോട് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ മുംബൈയിലെ കോൺസുലേറ്റിൽ മാത്രമാണ് ഈ പ്രതിസന്ധിയുള്ളത്. തിരിച്ചയക്കുന്ന പാസ്‌പോർട്ടുകളിൽ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കുക എന്ന നിർദ്ദേശം എഴുതി നൽകുന്നുണ്ട്. ഒരു കുടുംബത്തിന്റെ തന്നെ നാലും അഞ്ചും പാസ്‌പോർട്ടുകൾ ഒന്നിച്ചു സമർപ്പിക്കുമ്പോൾ ചില പാസ്പോർട്ടുകൾ മാത്രമായി തിരിച്ചയക്കുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് സഊദിയിലേക്കുള്ള യാത്രയെയും നേരത്തെ ടിക്കറ്റ് എടുത്തു വെച്ചവരെയുമാണ് കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നത്.

നിലവിൽ സഊദിയിലേക്ക് ആയിരക്കണക്കിന് പാസ്പോർട്ടുകളാണ് സ്റ്റാമ്പിങ്ങിനായി മുംബൈ കോൺസുലേറ്റിൽ സമർപ്പിക്കുന്നത്. പുതിയ വിസ നിയമത്തിലെ ലഘുകരണം ഉൾപ്പെടെ സഊദിയിലേക്ക് ധാരാളമായി വിസകൾ ഇറങ്ങുന്നതും മൂലം ഉണ്ടായ നടപടികളിലെ കാലതാമസമെന്നും വിലയിരുത്തപ്പെടുന്നു. നിലവിലെ പ്രശ്നം താത്കാലികം ആണെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കപെടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈയിലെ ട്രാവൽസ് ഏജൻസികൾ അറിയിക്കുന്നു. സഊദിയിലേക്കുള്ള വിമാനടിക്കറ്റുകൾ നേരത്തെ തന്നെ എടുക്കരുതെന്നും വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയാൽ മാത്രമേ ടിക്കറ്റുകൾ എടുക്കാവൂ എന്നും ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക