തുർക്കി സിറിയ ദുരന്തകണ്ണീർ…..; മരണം 15,000 കവിഞ്ഞു, 2.3 കോടി ആളുകള്‍ ദുരിതത്തില്‍, അവശിഷ്ടങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍

0
2915

ഇന്ത്യയുടെ ‘ഓപ്പറേഷൻ ദോസ്ത്’

ഇസ്തംബുൾ: ഭൂകമ്പം സംഹാരനൃത്തം ചവിട്ടിയ തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർ‌ക്കിയിൽ മാത്രം 12,300 പേരിലധികം പേർ മരിച്ചു. സിറിയയിൽ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ട്.

തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാർ സഹായം അഭ്യർഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്.

ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തുർക്കിക്കും സിറിയയ്ക്കുമുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന് ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്നു പേരിട്ടു. തുർക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം 6 ടൺ വസ്തുക്കൾ ഇന്നലെ സിറിയയിലെത്തിച്ചു. റോഡുകൾ തകർന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.
തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിലെ പുനരധിവാസ കേന്ദ്രം തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉറുദുഗാൻ സന്ദർശിച്ചു.

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെടുത്തു.
ഭൂകമ്പമുണ്ടായി 72 മണിക്കൂര്‍ പിന്നിട്ടു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ കൂടുതല്‍പ്പേരെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്. മരണസംഖ്യ 20,000 കടക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). രണ്ടുരാജ്യങ്ങളിലുമായി 2.3 കോടിപ്പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ വിലയിരുത്തല്‍. തുര്‍ക്കിയില്‍മാത്രം 1.35 കോടി ദുരിതബാധിതരുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

9057 പേര്‍ മരിച്ചതായി തുര്‍ക്കിയിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയോടും ഇടയ്ക്കിടെ പെയ്യുന്ന മഴയോടും മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തനം. കാലാവസ്ഥ പ്രതികൂലമായത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ജീവകാരുണ്യസംഘടനയായ റെഡ് ക്രെസന്റിന്റെ തുര്‍ക്കിയിലെ തലവന്‍ കെരീം കിനിക് പറഞ്ഞു.

Turkey, Syria Earthquake: Death Toll