അങ്കാറ: തുർക്കിയിലെ സംഹാര നൃത്തമാടിയ ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കഹറാമൻമറാഷിലാണ് രക്ഷപ്പെട്ടവരിൽ 2 മലയാളികളും ഉള്ളത്. വിദ്യാർഥിയായ അജ്മൽ വ്യവസായിയായ ഫാറൂഖ് എന്നിവരാണ് രക്ഷപ്പെട്ടത്. മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് ഇവർക്ക് രക്ഷയായതെന്ന് ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറിനെ ഉദ്ധരിച്ചു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫാറൂഖ് ഇന്നലെ ഇസ്തംബുളിൽ എത്തി. അജ്മലിനു ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. ഭൂകമ്പമേഖലയിൽ ലഭ്യമായ സൗജന്യ വിമാന സർവീസാണ് ഇവർക്ക് തുണയായത്. ഇരുവരും അസീറിന്റെ വീട്ടിൽ താമസിക്കും. ഭൂകമ്പം നേരിടാൻ രാജ്യം തയാറെടുത്തിരുന്നതായി അസീർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബറിൽ മോക്ഡ്രില്ലുകളുണ്ടായിരുന്നു
അതേസമയം, ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാർ സഹായം അഭ്യർഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തുർക്കിക്കും സിറിയയ്ക്കുമായി ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്നു പേരിലുള്ള ഇന്ത്യയുടെ സഹായദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം 6 ടൺ വസ്തുക്കൾ ഇന്നലെ സിറിയയിലെത്തിച്ചു. റോഡുകൾ തകർന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.




