അബുദാബി: യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ
സംരക്ഷിക്കുന്നതിന് ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധിയടക്കമുള്ള കാര്യങ്ങളിൽ നിയമം ഉറപ്പുനൽകുന്നു.
ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022 ലെ ഫെഡറൽ നിയമം നമ്പർ 9 പുറപ്പെടുവിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു.
സെപ്റ്റംബർ 9 ന് പുറപ്പെടുവിച്ച നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ഇത് ഗാർഹിക തൊഴിൽ നിയമത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു.
തൊഴിലാളികൾ, തൊഴിലുടമകൾ, റിക്രൂട്ട്‌മെന്റ് ഏജന്റ് തുടങ്ങി എല്ലാ കക്ഷികളുടെയും അവകാശങ്ങൾ നിയമം ഉറപ്പുനൽകുന്നു.
നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി ഉറപ്പ് നൽകുന്നു.
യുഎഇയിൽ നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്ന വ്യക്തികളിൽ നിന്ന് കുറഞ്ഞത് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴ ചുമത്തും.
ഗാർഹിക തൊഴിലാളികൾക്കായി നൽകിയിട്ടുള്ള വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്താലോ 18 വയസ്സിന് താഴെയുള്ള തൊഴിലാളിയെ നിയമിച്ചലോ ഈ പിഴ നേരിടാം.
പിഴ ലഭിക്കാവുന്ന മറ്റു നിയമലംഘനങ്ങൾ: ഒരു ഗാർഹിക തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാതെ തന്നെ തൊഴിൽ നൽകൽ. ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്ത ശേഷം അയാൾക്ക്/അവർക്ക് തൊഴിൽ നൽകാൻ സാധിക്കാതെ വരിക.
ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ അവർ നൽകിയ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക.
ഗാർഹിക തൊഴിലാളികളുടെ കുടിശിക തീർക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ റിക്രൂട്ട്മെന്റ് ഏജൻസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക.
തൊഴിലാളിയെ നിയമവിരുദ്ധമായി ചൂഷണം ചെയ്യുന്നതിനോ ജോലിക്കെടുക്കുന്നതിനോ വേണ്ടി അവർക്ക് പാർപ്പിടമോ മറ്റ് സൗകര്യമോ നൽകുക.
18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളെ റിക്രൂട്ട് ചെയ്യുകയോ ജോലിക്ക് നിയമിക്കുകയോ ചെയ്യുക.




