ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ നാട്ടിൽ സംഘടിപ്പിച്ച എക്സ് പ്രവാസി സംഗമം പങ്കെടുത്തവർക്ക് ആവേശമായി. നാടും വീടും വിട്ട് ദീർഘ കാലം പ്രവാസലോകത്ത് സ്വന്തത്തെപ്പോലും മറന്ന് ഉറ്റവർക്ക് വേണ്ടി കഷ്ടപ്പെടുമ്പോഴും തൗഹീദീ കൂട്ടായ്മ കെട്ടിപ്പടുത്തും മറ്റുള്ളവരുടെ വേദനയും പ്രശ്നങ്ങളും മനസ്സിലാക്കി ആവുന്നതെല്ലാം ചെയ്തും കാലം തള്ളിനീക്കി നാട്ടിലെത്തി മാറിയ പുതിയ സാഹചര്യത്തിലും രക്തത്തിലലിഞ്ഞ് ചേർന്ന പ്രവാസ ബന്ധം ഊട്ടിയുറപ്പിക്കാൻ ഇരുന്നൂറ്റി അമ്പതോളം പേർ കൊണ്ടോട്ടി മെഹന്തി ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്ന പരിപാടി അബൂബക്കർ ഫാറുഖി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഉദരംപൊയിൽ അധ്യക്ഷത വഹിച്ചു.
അബ്ദുറസാഖ് കൊടുവള്ളിയുടെ “കുട്ടികളോടും രക്ഷിതാക്കളോടും” എന്ന ശീർഷകത്തിലെ ക്ലാസ് സദസ്സിനെ മൊത്തം ചിന്തിപ്പിക്കുന്നതായിരുന്നു. ലീവിൽ വന്ന നാട്ടിലുള്ളയാളുകളുടെ സാന്നിധ്യവും ജിദ്ദയിൽ നിന്നും ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അയച്ച സന്ദേശം സദസ്സിന് കൈമാറിയതും ഏവർക്കും സന്തോഷം നൽകി. സദസ്സിൽ നടന്ന ക്വിസ് മത്സരത്തിൽ സുഹ്റ ചെറുകാട് പാണായിയും കുപ്പിക്ക് വളയിടൽ മൽസരത്തിൽ ആയിശാ റഷീദ് ഒതായിയും ഒന്നാം സ്ഥാനത്തിനർഹരായി.
ഭാവി പരിപാടികൾക്കായി 15 അംഗ കമ്മറ്റിക്ക് രൂപം നൽകി. അബ്ദുൽറസാഖ് കൊടുവള്ളി ( പ്രസിഡന്റ്), അബ്ദുൽ ഹമീദ് ഉദരംപൊയിൽ (ജനറൽ സെക്രട്ടറി), ജൗഹർ പുളിക്കൽ (ട്രഷർ), ബാബു നഹ്ദി, ഉമർ ആമയൂർ (വൈ. പ്രസിഡന്റുമാർ), ഷിജു ഹാഫിസ്, മുബാറക് തൃശൂർ (ജോ. സെക്രട്ടറിമാർ)എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അബൂബക്കർ ഫാറൂഖി, അബ്ദുൽ ഹമീദ് പരപ്പനങ്ങാടി, അബ്ദുൽ ഹമീദ് പന്തല്ലൂർ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി അശ്റഫ് സ്വലാഹി നാട്ടുകല്ല്, സലീം കളപ്പാടൻ, അബ്ദുൽമജീദ് കോട്ടക്കൽ, അഹ്മദ് അമ്പലഞ്ചേരി, മുനീർ കൊണ്ടോട്ടി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
അഹ്മദ് അബ്ദുൽ ഹമീദ് ഖിറാഅത് നടത്തി. അബ്ദുസ്സലാം കൊണ്ടോട്ടി സ്വാഗതവും അശ്റഫ് സ്വലാഹി നന്ദിയും പറഞ്ഞു.




